തിരുവനന്തപുരം- സംസ്ഥാനത്തെ ബാങ്കുകളിൽ 1,69,944 കോടി രൂപയുടെ പ്രവാസി നിക്ഷേപമുള്ളതായി സാമ്പത്തികാവലോകന റിപ്പോർട്ട്. പ്രവാസി നിക്ഷേപ വളർച്ച കഴിഞ്ഞ വർഷത്തെ 12.34 ശതമാനത്തിൽനിന്ന് 11.55 ശതമാനമായി കുറഞ്ഞു. ഇത് ശുഭസൂചകമല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. നിക്ഷേപത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. വളർച്ചാ നിരക്ക് കുറയുന്നത് ഭാവിയിൽ പുതിയ സാമ്പത്തിക മേഖലകൾ കേരളം ആശ്രയിക്കേണ്ടിവരുമെന്നതിന്റെ സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കനുസരിച്ച് 2018 മാർച്ച് വരെ സംസ്ഥാനത്ത് 4,45,401 കോടി രൂപയുടെ നിക്ഷേപമുണ്ട്. മൊത്തം 3,34,513 കോടി രൂപവായ്പ നൽകി. 2017 മാർച്ചിൽ ഇത് 2,98,092 കോടി രൂപയായിരുന്നു. 23 ശതമാനം കാർഷിക വായ്പയാണ്. വിദ്യാഭ്യാസ വായ്പ ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും തുകയിൽ വർധനയുണ്ട്.