റിയാദ് - ആയിരത്തോളം സൗദി ദന്ത ഡോക്ടർമാർ തൊഴിൽരഹിതരായി കഴിയുന്നതായി ഔദ്യോഗിക കണക്ക്. ബി.ഡി.എസ് ബിരുദധാരികളായ 951 സൗദികളും ഡെന്റൽ മെഡിസിനിൽ ബിരുദാനന്തര ബിരുദധാരികളായ ഒമ്പതു സൗദികളുമാണ് തൊഴിൽരഹിതരായി കഴിയുന്നത്. സൗദി ദന്ത ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ വ്യക്തമാക്കിയിരുന്നു.
സൗദി ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5,287 സൗദി ദന്ത ഡോക്ടർമാരും 9,729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ടെന്നാണ് കണക്ക്. കമ്മീഷൻ ലൈസൻസുള്ള 3,116 ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും രാജ്യത്തുണ്ട്. ഇക്കൂട്ടത്തിൽ 1,651 പേർ സൗദികളും അവശേഷിക്കുന്നവർ വിദേശികളുമാണ്.
വിദേശത്തുനിന്ന് ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് വിലക്കുന്നതിന് തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ ധാരണയിലെത്തിയതായി ആരോഗ്യ മന്ത്രി അടുത്തിടെ അറിയിച്ചിട്ടുണ്ട്. ഡെന്റൽ മെഡിസിൻ കോഴ്‌സ് പഠിച്ചിറങ്ങുന്ന സൗദികളുടെ എണ്ണം ഏറെ കൂടുതലാണ്. രാജ്യത്ത് ദന്ത ഡോക്ടർമാരുടെ മുഴുവൻ ഒഴിവുകളും നികത്തുന്നതിന് സ്വദേശി ഡോക്ടർമാർക്ക് സാധിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശങ്ങളിൽ നിന്ന് ദന്ത ഡോക്ടർമാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സൗദിയിൽ 26 ഡെന്റൽ കോളേജുകളാണുള്ളത്. ഇതിൽ 18 എണ്ണം സർക്കാർ ഡെന്റൽ കോളേജുകളും എട്ടെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. രാജ്യത്ത് ഡെന്റൽ ഡോക്ടർമാരിൽ സൗദികൾ 25 ശതമാനത്തോളം മാത്രമാണ്. വരും വർഷങ്ങളിൽ ഓരോ കൊല്ലവും വിദേശ ഡെന്റൽ ഡോക്ടർമാരുടെ എണ്ണം 27.5 ശതമാനം തോതിൽ കുറക്കുന്നതിന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ശ്രമിക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും 21,800 സൗദി ഡെന്റൽ ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷന് പദ്ധതിയുണ്ട്.