തബൂക്ക് - തബൂക്ക്, അൽബദീഅ റോഡിലെ വാദി അയ്‌രീനിൽ പ്രളയത്തിൽ പെട്ട് കാണാതായ സൗദി വിദ്യാർഥിയുടെ മയ്യിത്ത് സിവിൽ ഡിഫൻസ് അധികൃതർ കണ്ടെത്തി. യൂനിവേഴ്‌സിറ്റി വിദ്യാർഥിയായ 22 കാരനെ പ്രളയത്തിൽ പെട്ട് കാണാതായതായി തിങ്കളാഴ്ച വൈകീട്ട് 6.37 ന് ആണ് തബൂക്ക് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതെന്ന് തബൂക്ക് സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ അസീസ് അൽശമ്മരി പറഞ്ഞു. തബൂക്കിൽ നിന്ന് ഇരുപതു കിലോമീറ്റർ ദൂരെയുള്ള താഴ്‌വരയിൽ ഉല്ലാസ യാത്രക്കിടെയാണ് യുവാവിന്റെ കാർ പ്രളയത്തിൽപെട്ടത്.
സിവിൽ ഡിഫൻസ് അധികൃതർ നടത്തിയ തിരച്ചിലിൽ താഴ്‌വരയിൽ ഒഴുക്കിൽ പെട്ട് മറിഞ്ഞ നിലയിൽ യുവാവിന്റെ കാർ കണ്ടെത്തി. സിവിൽ ഡിഫൻസ് അധികൃതരും വളണ്ടിയർമാരും നടത്തിയ തിരച്ചിലിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ അപകട സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റർ ദൂരെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.