ജിദ്ദ - പതിനാലര നൂറ്റാണ്ടു മുമ്പ് മക്കയിലെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ ഇസ്‌ലാമിക പ്രബോധനത്തിന് അനുയോജ്യമായ തീരം തേടി പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിൽനിന്ന് മദീനയിലേക്ക് നടത്തിയ പലായനത്തിനിടെ (ഹിജ്‌റ) കടന്നുപോയ അതേ പാതയിലൂടെ സഞ്ചരിക്കുന്നതിന് തീർഥാടകർക്ക് അവസരമൊരുങ്ങുന്നു.
ഹിജ്‌റ പാത എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച പഠനങ്ങൾ ഹജ്, ഉംറ മന്ത്രാലയം പൂർത്തിയാക്കിവരികയാണ്. തീർഥാടകർക്കു മാത്രമല്ല, സൗദി പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും മക്കയിൽനിന്ന് മദീനയിലേക്കുള്ള ഹിജ്‌റ അനുഭവിച്ചറിയുന്നതിന് അവസരമുണ്ടാകും.
യാത്രയിൽ പ്രധാന ഗതാഗതോപാധിയായി ഉപയോഗിക്കുക ഒട്ടകങ്ങളെയാണ്.
പ്രവാചകനും സന്തതസഹചാരി അബൂബക്കർ സിദ്ദീഖും (റ) കടന്നുപോയ മരുഭൂപ്പാതയിലൂടെ സഞ്ചരിക്കുന്നതിനും ഇരുവരും തങ്ങിയ ഇടത്താവളങ്ങളിൽ വിശ്രമിക്കുന്നതിനും തീർഥാടകർക്കും സന്ദർശകർക്കും അവസരമൊരുക്കും. ഇതിനാവശ്യമായ താമസസ്ഥലങ്ങൾ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ ഹജ്, ഉംറ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഒരുക്കും.
ഹിജ്‌റ പാതയിലൂടെ പ്രവാചക നഗരിയിൽ എത്തുന്ന തീർഥാടകരെയും സന്ദർശകരെയും 1440 വർഷം മുമ്പ് പ്രവാചകനെ മദീന നിവാസികൾ സ്വീകരിച്ചതു പോലെ സ്വാഗത ഗാനമാലപിച്ച് വരവേൽക്കും. മക്കയിലെ സൗർ ഗുഹയിൽനിന്ന് മദീനയിലേക്കുള്ള യാത്ര എട്ടു ദിവസമെടുത്താണ് പ്രവാചകൻ പൂർത്തിയാക്കിയത്.
മക്ക റോയൽ കമ്മീഷനുമായി സഹകരിച്ചാണ് പുതിയ പദ്ധതി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്നത്. പ്രവാചക പലായന പാതയിലെ 27 കേന്ദ്രങ്ങളും അടയാളങ്ങളും പദ്ധതിക്കായി നവീകരിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യും. പ്രദേശത്ത് ചരിത്ര പ്രാധാന്യമുള്ള മറ്റു പ്രദേശങ്ങളിലും നവീകരണ, പുനരുദ്ധാരണ ജോലികൾ നടത്തും. സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർഥാടകരുടെ തീർഥാടന യാത്രാനുഭവം സമ്പന്നമാക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ഉന്നമിടുന്നത്. പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷത്തിലധികമായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.
ലോക മുസ്‌ലിംകളുടെ മനസ്സുകളിൽ മായാതെ പതിഞ്ഞുകിടക്കുന്ന ചരിത്ര സ്ഥലങ്ങൾ പരിപാലിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ചരിത്രത്തെയും പൈതൃകത്തെയും ആത്മീയമാനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയോടനുബന്ധിച്ച് മ്യൂസിയങ്ങളും സ്വീകരണ കേന്ദ്രങ്ങളും ഹോട്ടലുകളും വിശ്രമ കേന്ദ്രങ്ങളും റോഡുകളും അടക്കമുള്ള വൻകിട പദ്ധതികൾ നടപ്പാക്കും.
മക്കയിൽനിന്ന് ശത്രുക്കളുടെ കണ്ണിൽ പെടാതെ പലായനത്തിന് അനുയോജ്യമായ സമയം നോക്കി പ്രവാചകൻ ഒളിച്ചിരുന്ന സൗർ ഗുഹ, പ്രവാചകന്റെ അത്ഭുത സിദ്ധിയിലൂടെ ആട് പാലുചുരത്തിയ ഉമ്മു മഅ്ബദ് അൽഖുസാഇയയുടെ തമ്പ്, ഖുറൈശികൾ പ്രഖ്യാപിച്ച ഇനാം നേടിയെടുക്കുന്നതിന് മോഹിച്ച് പ്രവാചകന്റെ കാലടിപ്പാടുകൾ പിന്തുടർന്ന സുറാഖതു ബിൻ മാലിക് നിലയുറപ്പിച്ച സ്ഥലം, മദീനയിലേക്കുള്ള കുറുക്കുവഴി പ്രവാചകനെ അറിയിച്ച മസ്ഊദ് അൽഅസ്‌ലമിയുടെ സ്ഥലം, യാത്രാമധ്യേ പ്രവാചകന്റെ ഒട്ടകത്തിന് കാലിടറിയ സ്ഥലം എന്നിവ അടക്കമുള്ള ചരിത്ര അടയാളങ്ങളാണ് പുനരുദ്ധരിക്കുന്നത്.
ഒട്ടകങ്ങൾ അടങ്ങിയ യാത്രാ സംഘത്തിന്റെ ഭാഗമായി ടൂർ ഗൈഡുമാരുടെ അകമ്പടിയോടെയുള്ള യാത്രയാണ് പ്രധാനമായും ആസൂത്രണം ചെയ്യുന്നത്. കൂടുതൽ കഷ്ടപ്പെടുന്നതിന് തയാറല്ലാത്തവർക്കും ആരോഗ്യപരമായി സാധിക്കാത്തവർക്കുമായി ഫോർവീൽ കാറുകളിലുള്ള യാത്രകളും സംഘടിപ്പിക്കും. യാത്രക്കിടെ തീർഥാടകർക്കും സഞ്ചാരികൾക്കും ഉല്ലാസം പകരുന്നതിന് സഫാരി, ഹോട്ട് ബലൂൺ യാത്ര, ബൈക്ക് റേസുകൾ എന്നിവയും ഒരുക്കും.
380 കിലോമീറ്റർ ദൂരമുള്ള ഹിജ്‌റ പാതയിലെ ചരിത്ര അടയാളങ്ങളുടെയും ഗ്രാമങ്ങളുടെയും സന്ദർശനത്തിന് തീർഥാടകർക്കും സന്ദർശകർക്കും പദ്ധതി അവസരമൊരുക്കും. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ പദ്ധതി പ്രാവർത്തികമാക്കുന്നതിന് സമയമെടുക്കും. പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന, രണ്ടു മിനിറ്റ് 22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിംഗ് ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.