കണ്ണൂർ - കണ്ണൂരിൽ ഒരു കുടുംബത്തിലെ പത്തു പേർ തീവ്രവാദ സംഘടനയായ ഐ.എസിൽ ചേർന്നതായും അതിൽ നാലു പേർ കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരണം. കണ്ണൂരിൽനിന്നു മാത്രം ഇതുവരെ 35 പേർ ഐ.എസിൽ ചേർന്നതായാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഐ.എസിൽ ചേരാൻ പോയത്. ഇതാദ്യമായാണ് ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണമുണ്ടാവുന്നത്. കണ്ണൂർ സിറ്റിയിലെ ടി.വി. ഷമീർ, അൻവർ ഇവരുടെ ഭാര്യമാർ, മക്കൾ എന്നിവരടക്കം പത്തു പേരാണ് ഐ.എസിൽ ചേർന്നത്. ഇവരിൽ ഷമീർ, അൻവർ, ഷമീറിന്റെ മക്കളായ സഫ്‌വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷമീറിന്റെയും അൻവറിന്റെയും ഭാര്യമാരെക്കുറിച്ച് യാതൊരു വിവരവുമില്ല. ടി.വി. ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ ചേർന്നത്. പിന്നീട് അൻവറും കുടുംബവും എത്തിപ്പെടുകയായിരുന്നു.
അഴീക്കോട് പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, സുഹൃത്ത് കണ്ണൂർ സിറ്റിയിലെ അൻവർ, ഭാര്യ അഫ്‌സീല, മൂന്നു മക്കൾ, കണ്ണർ സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബർ 20 നു നാട്ടിൽനിന്നും പുറപ്പെട്ടത്. മൈസൂരിലേക്കു വിനോദ യാത്രക്കെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവർ മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ യു.എ.ഇലേക്കു പോയതായും അവിടെനിന്നു പിന്നീട് മുങ്ങിയെന്നും വ്യക്തമായി. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇറാനിലെത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ എൻ.െഎ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
കണ്ണൂരിൽനിന്നും പോയവർക്കു തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി നേരത്തെ ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ഐ.എസിൽ പോയി കൊല്ലപ്പെട്ട പാപ്പിനിശ്ശേരി സ്വദേശികളുമായി അടുത്ത ബന്ധവും സൗഹൃദവും ഉള്ളവരാണിവർ. പാപ്പിനിശ്ശേരിയിൽനിന്നും സിറിയയിൽ പോയി കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരി അഫ്‌സീലയും കുടുംബവുമാണ് ഇപ്പോൾ പോയിരിക്കുന്നത്. ഷമീറിന്റെ അടുത്ത സുഹൃത്താണ് നാടു വിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ കുടക് സ്വദേശിയാണ്. മതം മാറിയ ശേഷമാണ് ഇവർ ഷാഹിന എന്ന പേരു സ്വീകരിച്ചത്. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‌വാൻ എന്നിവർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽനിന്നും ഐ.എസിൽ ചേരാൻ പോയവരിൽ സ്ത്രീകൾ നാട്ടിലെ ബന്ധുക്കൾക്കയച്ച ശബ്ദ സന്ദേശങ്ങളിൽനിന്നാണ് പലരും കൊല്ലപ്പെട്ട വിവരം നാട്ടിലറിയുന്നത്. എന്നാൽ പിന്നീട് ഈ സ്ത്രീകളിൽനിന്നും യാതൊരുവിധ സന്ദേശങ്ങളും ലഭിച്ചില്ല. അവർ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയുമില്ല.