തിരുവനന്തപുരം- പ്രളയം കേരളത്തിന്റെ വളര്‍ച്ച കുറക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. വരുമാനം ഇടിയാനും അധിക ചെലവിനും ദുരന്തങ്ങള്‍ കാരണമായെന്നും സഭയില്‍ വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാളെയാണ് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ധനകമ്മി ഉയരുമെന്നും പ്രവാസി നിക്ഷേപം ഉയര്‍ന്നതായും സര്‍വേയില്‍ പറയുന്നു. നെല്ലുല്‍പാദനത്തിന് 19ശതമാനം വര്‍ധനയുണ്ടായപ്പോള്‍ നാളികേര ഉത്പാദനം കുറഞ്ഞെന്നാണ് കണ്ടെത്തല്‍.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക് സേവന നികുതി പ്രതീക്ഷിച്ച നിലയില്‍ പ്രയോജനപ്പെട്ടില്ല. പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കുറഞ്ഞ നികുതിനിരക്കാണ് തിരിച്ചടിക്ക് കാരണം.
കേന്ദ്ര സംസ്ഥാന നികുതി നിരക്ക് സംബന്ധിച്ച അസന്തുലിതാവസ്ഥ സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചു. സങ്കീര്‍ണമായ റിട്ടേണ്‍ ഫയല്‍ രീതിയും, ചെക്ക്‌പോസ്റ്റുകള്‍ ഒഴിവാക്കുന്ന അവസരത്തില്‍ തന്നെ ഇ വേ ബില്‍ നടപ്പാക്കുന്നതിലെ താമസവും തിരിച്ചടിക്ക് കാരണമായി.
ജി.എസ്.ടി വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനത്തില്‍ 44 ശതമാനത്തിന്റെ കുറവാണുണ്ടായി. ഇതിന്റെ 28 ശതമാനമാനം മാത്രമാണ് ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയത്. നിരക്ക് ഭാഗം ചെയ്തപ്പോള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 50:50 എന്ന് നിശ്ചയിച്ചു. ഫലത്തില്‍ നഷ്ടപ്പെട്ട നികുതിയുടെ നാലിലൊന്നു ഭാഗം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള റവന്യു ന്യൂട്രല്‍ നിരക്ക് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമുള്ള 40:60 എന്ന തത്വത്തിന് എതിരാണ്.
കേന്ദ്രത്തിന് നിരവധി നികുതി വരുമാന അവസരങ്ങളുണ്ട്. എന്നാല്‍, ജി എസ് ടി നിലവില്‍ വന്നശേഷം സംസ്ഥാനത്തിന് റവന്യവരുമാനത്തിനുള്ള പരിമിതമായ അവസരങ്ങള്‍ മാത്രമെയുള്ളു. എന്നാല്‍, ജി എസ് ടി നിരക്കില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. പതിനഞ്ചാം ധന കമ്മിഷന്റെ പരിഗണനാവിഷയങ്ങളേയും അവലോകന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.