കോഴിക്കോട്-ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് (എൽ.സി.എച്ച്.എഫ്) ഭക്ഷണ രീതി പിന്തുടരുന്നത് ഭാവിയിൽ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടർമാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എൽ.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓർഡിനേറ്റർ എൻ.വി. ഹബീബ് റഹ്മാനും ലുഖ്മാൻ അരീക്കോടും പറഞ്ഞു.
കോഴിക്കോട്ട് ഫെബ്രുവരി രണ്ടിന് നടക്കുന്ന എൽ.സി.എച്ച്.എഫ് മെഗാ സമ്മിറ്റ് സംബന്ധമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
കീറ്റോ ഡയറ്റ് എന്ന ഭക്ഷണ രീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ നാട്ടിൽ പ്രചരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടിയവരാണ് ഈയൊരു രീതിക്ക് ഏറെ പ്രചാരണം കൊടുക്കുന്നത്. കഠിനമായ പ്രമേഹ രോഗമുള്ളവർ പോലും ഇത്തരം ഒരു ഭക്ഷണ രീതിയിലേക്ക് തിരിയുന്നതോടെ മരുന്നുകളിൽ നിന്ന് മോചിതരാകുന്നതാണ് കണ്ടത്. ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖക്കെതിരെയുള്ളതല്ല ഈ രീതി. മറിച്ച് അന്നജമാണ് ഏറെ പ്രശ്‌നക്കാർ എന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരടക്കമുള്ളവർ തന്നെ പലപ്പോഴും നിർദേശിച്ച രീതിയാണിത്. ഇതൊരു സംഘടനയല്ല മറിച്ച് വാട്‌സ്ആപ്, ടെലിഗ്രാം എന്നിവയിലൂടെയുള്ള കൂട്ടായ്മയാണ്.
1977 ൽ അമേരിക്കൻ സെനറ്റ് അംഗീകരിച്ച ഭക്ഷണ സംബന്ധമായ നിർദേശങ്ങളനുസരിച്ചാണ് കൂടുതൽ അന്നജങ്ങളും വളരെ കുറഞ്ഞ അളവിൽ മാത്രം കൊഴുപ്പും കഴിക്കണമെന്ന് വൈദ്യശാസ്ത്രം ലോകത്തോട് നിർദേശിക്കുവാൻ തുടങ്ങിയത്. കൊഴുപ്പ് കൂടുതൽ കഴിച്ചാൽ പൊണ്ണത്തടിയുംഹൃദ്രോഗങ്ങളും ഉണ്ടാകുമെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാൽ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളനുസരിച്ച് ലോകം ഈ നിർദേശങ്ങൾ അനുസരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രമേഹം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, അർബുദം തുടങ്ങിയവ ക്രമാതീതമായി വർധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇത്തരം രോഗങ്ങൾ 5 മുതൽ 20 ഇരട്ടി വരെ വർധിച്ചുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നമുക്ക് ലഭിച്ച ഡയറ്ററി ഗൈഡ്‌ലൈൻസ് തീർത്തും തെറ്റാണെന്നാണ് ഇതു തെളിയിക്കുന്നത്. കൊഴുപ്പല്ല, മറിച്ച് അന്നജമാണ് പ്രശ്‌നക്കാർ എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങൾ കുറക്കുന്നതു മൂലം ശരീരത്തിന് ഇൻസുലിന്റെ ആവശ്യം കുറയുന്നു. ഇതാണ് കീറ്റോ ഡയറ്റ് വഴി രോഗങ്ങൾ സുഖപ്പെടാൻ കാരണമെന്നും ഇവർ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ അലോപ്പതി രംഗത്തെ പ്രഗത്ഭനായ ഡോ. അസീം മൽഹോത്ര പോലുള്ള ആളുകളെക്കൊണ്ടു തന്നെ സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഈ സമ്മിറ്റിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
പരിപാടിയിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ് കുമാർ, പി.ടി.എ. റഹീം തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 1300 പേർ ഇതിനകം സമ്മിറ്റിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.