കൊച്ചി- ഹൃദ്രോഗമില്ലാതിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തിന് ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബ്രിട്ടോ ഹൃദ്രോഗിയെന്ന് രേഖപ്പെടുത്തിയത് എന്തിനെന്ന് ഭാര്യ സീന ഭാസ്കര്‍. മരണത്തില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്നതാണ് സംശയം.
ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല, പിന്നെ എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ അങ്ങനെ രേഖപ്പെടുത്തിയതെന്ന് അറിയണമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടോയുടെ പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത് അവര്‍ പറഞ്ഞു.
ബ്രിട്ടോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസുഖം വന്നപ്പോള്‍ ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സീന പറഞ്ഞു.
ബ്രിട്ടോയുടെ മരണം സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് അവസാന ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയണം. സംശയങ്ങളെല്ലാം അടുത്ത ദിവസം മന്ത്രി തോമസ് ഐസക്കിനെ കണ്ട് വിശദീകരിക്കുമെന്നും സീന പറഞ്ഞു.