റിയാദ്- റമദാനിന്റെ മുഴുവൻ ദിവസങ്ങളിലും സമൂഹ നോമ്പുതുറയും മതപഠന ക്ലാസ്സുകളും ഒരുക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിച്ച ഇസ്‌ലാഹി ഇഫ്താർ മജ്‌ലിസ് ശ്രദ്ധേയമാകുന്നു. റിയാദ് ബത്ഹയിലെ റെയിൽ സ്ട്രീറ്റിൽ കൂൾടെകിന് പിറകുവശമുള്ള മസ്ജിദ് അമീൻ യഹ്‌യ അൽമർഖബിൽ എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിയോടെയാണ് മജ്‌ലിസ് പ്രവർത്തനം ആരംഭിക്കുന്നത്.
ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ല അൽഈദാൻ, ശൈഖ് അബ്ദുൽ അസീസ് അശ്ശഅലാൻ, ശൈഖ് വലീദ് അബ്ദുറഹ്മാൻ അൽ മഹ്ദി, സുഫ്‌യാൻ അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിൽ ഉമർ കൂൾടെക്ക് (മുഖ്യ രക്ഷാധികാരി), ഉമർ ശരീഫ്, ഡോ. സബാഹ് മൗലവി (രക്ഷാധികാരികൾ), ബഷീർ കുപ്പോടൻ (ചെയർമാൻ), മൊയ്തു അരൂർ, അബ്ദുൽമജീദ് ചെന്ദ്രാപിന്നി (വൈസ് ചെയർമാൻ), ഉബൈദ് തച്ചമ്പാറ (ജനറൽ കൺവീനർ), ശനോജ് അരീക്കോട്, ശബീബ് കരുവള്ളി (ഫൈനാൻസ്), നൗഷാദ് പെരിങ്ങോട്ടുകര, മഅറൂഫ് മുല്ലശ്ശേരി (ഫുഡ്), മുനീർ പാപ്പാട്ട്, ജാഫർ പൊന്നാനി (ക്ലാസ് ഓർഗനൈസേഷൻ), നബീൽ പയ്യോളി, യാസർ അറഫാത്ത്, റിയാസ് ചൂരിയോട് (വളണ്ടിയർ വിംഗ്) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.
ഇഫ്താർ സൗകര്യമൊരുക്കുന്നതോടൊപ്പം റമദാനിന്റെ എല്ലാ ദിവസങ്ങളിലും വിവിധ ഇസ്‌ലാമിക വിഷയങ്ങളിലുള്ള വൈജ്ഞാനിക സദസ്സുകൾ ഒരുക്കി റമദാനിന്റെ യഥാർത്ഥ ലക്ഷ്യമായ സംസ്‌കരണത്തിലേക്ക് മലയാളി സമൂഹത്തെ സജ്ജമാക്കുകയാണ് മജ്‌ലിസിന്റെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
ആത്മസംസ്‌കരണത്തിന്റെ മാർഗങ്ങൾ, അന്ധവിശ്വാസങ്ങൾക്കെതിരെ വൈജ്ഞാനിക അവബോധം, സൃഷ്ടികളും സ്രഷ്ടാവും തമ്മിലുള്ള ഊഷ്മള ബന്ധം, സമസൃഷ്ടികളോടുള്ള ആർദ്രത, ഇഹലോകത്തിന്റെ നൈമിഷികത തുടങ്ങിയ ആശയങ്ങളിൽ മജ്‌ലിസിൽ പണ്ഡിതന്മാർ മാർഗനിർദ്ദേശക ക്ലാസ്സുകൾ നൽകും. കേരളീയ ഭക്ഷണം മജ്‌ലിസിന്റെ സവിശേഷതയാണ്. 500 ഓളം പേർ ടെന്റിൽ നോമ്പ് തുറക്കാൻ സംബന്ധിക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഡോ. സ്വബാഹ് മൗലവി, ഉമർ ഫാറൂഖ് മദനി, മുബാറക് സലഫി, മുസ്തഫ സ്വലാഹി, മുഹമ്മദ് ചിശ്തി, റാഫി സ്വലാഹി, ശാക്കിർ ഉള്ളാൾ എന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. അബ്ദുൽമജീദ് ചെന്ത്രാപ്പിന്നി, അബ്ദുസ്സമദ് പട്ടാമ്പി, റിയാദുറഹ്മാൻ, ഉബൈദ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വൈജ്ഞാനിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.