തിരുവനന്തപുരം- പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകള്‍ അമീനയുടെ പ്രഖ്യാപനത്തിനെതിരെ എന്‍.എസ്.യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എം.ഐ ഷാനവാസിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ തെറ്റൊന്നുമില്ലെന്നും, പക്ഷേ അത് വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ഥിയെന്ന ലാറ്ററല്‍ എന്‍ട്രിയിലൂടെയാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ കുറിച്ചു. അത് എം.ഐ ഷാനവാസിനോടുള്ള അനാദരവാകും. ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ ത്യാഗവും പേറി ഈ പാര്‍ട്ടിയിലുള്ള എം.ഐമാര്‍ മത്സരിക്കട്ടെ, അമീന ഷാനവാസ് പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ഷാനവാസ് എന്ന നേതാവിനോട് ഏറെ ബഹുമാനമാണുള്ളത്.. പാര്‍ട്ടിക്ക് വേണ്ടി ഒരു പുരുഷായുസ്സ് നീക്കി വെച്ച മനുഷ്യന്‍... തന്റെ നാക്കും വാക്കും പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധത്തിന്റെ ആഗ്‌നേയാസ്ത്രങ്ങള്‍ തീര്‍ത്ത വ്യക്തി... അദ്ദേഹത്തിന്റെ മകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് ഒരു എതിര്‍പ്പുമില്ലായെന്നു മാത്രമല്ല, അവര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ആഗ്രഹം... കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ കോണ്‍ഗ്രസ്സാകുന്നതില്‍ എന്ത് തെറ്റാണ്? എം.ഐയുടെ മകളും വരട്ടെ, അതു പക്ഷേ വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ത്ഥിയെന്ന ലാറ്ററല്‍ എന്‍ട്രീയിലൂടെയാകരുത്... അതു എം.ഐയോടുളള അനാദരവാകും... ഇനിയെത്ര എംഐ മാര്‍ ഈ പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കാതെ ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ ത്യാഗവും പേറി നില്ക്കുന്നു, അവര്‍ മത്സരിക്കട്ടെ, അമീന ഷാനവാസ് പ്രവര്‍ത്തിക്കട്ടെ...