ദോഹ- തൊഴിലാളികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ, സുഹൂർ സംഗമങ്ങൾക്ക് തുടക്കമായി. ലേബർ ക്യാമ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കായാണ് സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
മുപ്പതോളം ക്യാമ്പുകളിലായി ഏതാണ്ട് അയ്യായിരത്തോളം ആളുകൾക്കുളള ഇഫ്താർ സൗകര്യമാണ് ഈ വർഷം കൾച്ചറൽ ഫോറത്തിന് കീഴിൽ ഒരുക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോറം വനിത വിഭാഗമായ നടുമുറ്റത്തിൻെറ സഹകരണത്തോടെ വീടുകളിൽ പാകം ചെയ്ത ഭക്ഷണങ്ങളാണ് ലേബർ ക്യാമ്പുകളിലും സൂഖുകളിലും പരമാവധി വിതരണം ചെയ്യുക. ബാച്ചിലറായി താമസിക്കുന്നവർക്ക് വീടുകളിൽ പാചകം ചെയ്ത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഒരുക്കുന്നത്. നടുമുറ്റത്തിൻെറ വിവിധ ഏരിയ കമ്മിറ്റികൾ ഭക്ഷണ പാചകത്തിന് നേതൃത്വം നൽകും. ഇൻഡസ്ട്രിയൽ ഏരിയ, വുകൈർ, വക്‌റ, മസീദ്, ദോഹ ജദീദ്, നജ്മ, ഗറാഫ തുടങ്ങിയ വിവിധ മേഖലകളിൽ വ്യത്യസ്ത ദിനങ്ങളിലായി ഇഫ്താർ, സുഹൂർ സംഗമങ്ങൾ നടക്കും. കടകളിലും മറ്റും പാതിരാവ് വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായാണ് സുഹൂർ ഒരുക്കുന്നത്. സൂഖ് നജ്മ, ദോഹ ജദീദ് തുടങ്ങിയ സ്ഥലങ്ങളിൽ സുഹൂർ നടക്കും. ഖത്തറിലെ വിവിധ സ്ഥാപനങ്ങൾ, അലുംനികൾ, മറ്റ് കൂട്ടായ്മകൾ തുടങ്ങിയവ കൾച്ചറൽ ഫോറം ഇഫ്താർ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
ഇഫ്താറിനാവശ്യമായ വിഭവങ്ങൾ നൽകിയാണ് ഇത്തരം സംഘടനകളും സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നത്. കൾച്ചറൽ ഫോറം മണ്ഡലം കമ്മിറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റും ജനസേവന വിഭാഗം ചെയർമാനുമായ തോമസ് സക്കരിയ ജനറൽ കൺവീനറും മജീദ് അലി കൺവീനറുമായ സമിതിയാണ് ഇഫ്ത്താർ, സുഹൂർ സംഗമങ്ങൾക്ക് നേതൃത്വം നൽകുന്നത്.