Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ബില്ലിന് പിന്നിൽ ഏക സിവിൽ കോഡ് അജണ്ട -മുസ്‌ലിം ലീഗ്

കോഴിക്കോട് - മുത്തലാഖ് ബില്ലിന് പിന്നിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ദുഷ്ടലാക്കാണുള്ളതെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച മുത്തലാഖ് ബിൽ ആർക്കു വേണ്ടി  എന്ന വിഷയത്തിൽ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം വ്യക്തി നിയമത്തെ കുറിച്ച് ഭരണാധികാരികൾ തീരുമാനമെടുക്കേണ്ടതില്ല.  അക്കാര്യങ്ങൾ മതപണ്ഡിതൻമാർ തീരുമാനിക്കും. ന്യൂനപക്ഷങ്ങളുടെ അവകാശം കവർന്നെടുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവും. വിവാഹമോചനം മുസ്‌ലിം സമുദായത്തിൽ വിരളമാണ്. കേരളത്തിൽ പറയാൻ പോലുമില്ലാത്തതാണ്. മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചതുമാണ്. എന്നിട്ടും മുത്തലാഖ് നിരോധനത്തിന്റെ പേരിൽ ബിൽ കൊണ്ടുവന്നത് സംശയാസ്പദമാണ്.
ഇത്തരം സാഹചര്യത്തിൽ രാജ്യസഭയിൽ പാസാക്കാനാവാത്തതിനെ തുടർന്ന് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനു മാത്രം പ്രാധാന്യം മുത്തലാഖിന് ഉണ്ടോയെന്നത് സംശയമുളവാക്കുന്നതാണ്. ഓരോ സമൂഹത്തിന്റെയും വ്യക്തി നിയമവും മതവിശ്വാസവും അംഗീകാരം നൽകി സംരക്ഷിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം ഉടച്ചുവാർത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
മുത്തലാഖ് കാരണം എത്ര സ്ത്രീകൾക്ക് പ്രയാസം നേരിട്ടു എന്നതിന്റെ കണക്ക് വ്യക്തമാക്കാൻ കേന്ദ്രം തയാറാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുത്തലാഖ് വിവാദമാക്കുന്നത്. മുത്തലാഖും പൗരത്വ ബില്ലും മറ്റും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താൻ വേണ്ടിയാണ് -അദ്ദേഹം പറഞ്ഞു.
വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് മോഡറേറ്ററായിരുന്നു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി. കുൽസു അധ്യക്ഷത വഹിച്ചു. എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, എ. റഹ്മത്തുന്നിസ, പ്രൊഫ. വി. യു അമീറ എന്നിവർ പ്രസംഗിച്ചു. വനിതാ ലീഗ് സംസ്ഥാന ട്രഷറർ സീമാ യഹിയ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആമിന ടീച്ചർ നന്ദിയും പറഞ്ഞു.

Latest News