റിയാദ് - അഴിമതിക്കേസിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത എട്ടു പ്രതികളെ കൂടി വിട്ടയച്ചതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നാലു പ്രതികളെ ആഴ്ചകൾക്കു മുമ്പ് വിട്ടയച്ചിരുന്നു. 2017 നവംബർ നാലിനാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചത്. മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കം നിരവധി പേരെ അഴിമതി കേസുകളിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് താൽക്കാലിക തടവറയാക്കി മാറ്റിയ റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ അടച്ചിരുന്നു. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് ഒത്തുതീർപ്പ് ധാരണയുണ്ടാക്കുന്നവരെയാണ് വിട്ടയക്കുന്നത്. പതിനാലു മാസം തടവിലിട്ട വൻ വ്യവസായിയും കഴിഞ്ഞ ദിവസങ്ങളിൽ വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
അഴിമതിക്കേസ് പ്രതികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പ് ധാരണകളിലൂടെ 40,000 കോടി റിയാൽ പൊതുഖജനാനിൽ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് കണക്കാക്കുന്നതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളുമായുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളിലൂടെ ഇതിനകം 5000 കോടി റിയാൽ പൊതുഖജനാവിൽ എത്തിയതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അവശേഷിക്കുന്ന തുക ക്രമാനുഗതമായി പൊതുഖജനാവിൽ എത്തും. പണവും വസ്തുവകകളും കമ്പനി ഓഹരികളും മറ്റുമായാണ് അഴിമതി കേസ് പ്രതികൾ അഴിമതി പണം സർക്കാരിന് കൈമാറുന്നത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണം കിരീടാവകാശി മുഹമ്മദ് രാജകുമാരൻ നേതൃത്വം നൽകുന്ന അഴിമതി വിരുദ്ധ പോരാട്ടം അറബ് ലോകത്ത് വലിയ പ്രകമ്പനമുണ്ടാക്കിയിട്ടുണ്ട്. സൗദിയിലേത് പോലുള്ള അഴിമതി വിരുദ്ധ പോരാട്ടം തങ്ങളുടെ നാടുകളിലും നടപ്പാക്കണമെന്ന് പല അറബ് രാജ്യക്കാരും ആവശ്യപ്പെടുന്നുണ്ട്.
അന്വേഷണം നേരിട്ട ഭൂരിഭാഗം പേരും അഴിമതിപ്പണം തിരിച്ചുനൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ സമ്മതിച്ചിരുന്നു. അറസ്റ്റിലായവരുടെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്നതിനും സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുതിനും ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ഒത്തുതീർപ്പിന് തയാറല്ലാത്തവരുടെ കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.
മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കം 200 ലേറെ പേരെ അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നൂറു കണക്കിനാളുകളെയും ചോദ്യം ചെയ്തിരുന്നു. അഴിമതികളിലൂടെ ഇവർ പൊതുഖജനാവിന് 10,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായാണ് കണക്കാക്കുന്നത്. പ്രതികളുടെ രണ്ടായിരത്തിലേറെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാനും ലോകത്തെ ഏറ്റവും വലിയ ധനാഢ്യരിൽ ഒരാളുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ, മുൻ നാഷണൽ ഗാർഡ് മന്ത്രി മിത്അബ് ബിൻ അബ്ദുല്ല രാജകുമാരൻ, മുൻ റിയാദ് ഗവർണർ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ, മുൻ കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മേധാവി തുർക്കി ബിൻ നാസിർ രാജകുമാരൻ, മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് രാജകുമാരൻ, മുൻ റോയൽ കോർട്ട് പ്രസിഡന്റ് ഖാലിദ് അൽതുവൈജിരി, മുൻ റോയൽ കോർട്ട് പ്രോട്ടോകോൾ വിഭാഗം മേധാവി മുഹമ്മദ് അൽതുബൈശി, മുൻ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ അംറ് അൽദബ്ബാഗ്, പൊതുമേഖലാ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനി മുൻ പ്രസിഡന്റ് സൗദ് അൽദുവൈശ്, അറബ് ലോകത്തെ ഏറ്റവും വലിയ വ്യവസായികളിൽ ഒരാളായ ശൈഖ് സ്വാലിഹ് അൽകാമിൽ, മക്കളായ അബ്ദുല്ല, മുഹ്‌യുദ്ദീൻ, എം.ബി.സി ചാനൽ ഗ്രൂപ്പ് ഉടമ അൽവലീദ് അൽഇബ്രാഹിം, മുൻ ജിദ്ദ ഗവർണറും മുൻ സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ ആദിൽ ഫഖീഹ്, മുൻ ധനമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ചെയർമാൻ ബകർ ബിൻ ലാദിൻ, വ്യവസായ പ്രമുഖൻ മുഹമ്മദ് അൽഅമൂദി, മുൻ നാവികസേനാ മേധാവി അബ്ദുല്ല അൽസുൽത്താൻ, ദേശീയ വിമാന കമ്പനിയായ സൗദിയ മുൻ ഡയറക്ടർ ജനറൽ എൻജി. ഖാലിദ് അൽമുൽഹിം എന്നിവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
അഴിമതി, പണം വെളുപ്പിക്കൽ, ഇക്കണോമിക് സിറ്റി പദ്ധതികളിലെ തട്ടിപ്പ്, വെട്ടിപ്പ്, വ്യാജ ഇടപാടുകൾ, കൈക്കൂലി സ്വീകരിച്ച് പദ്ധതി കരാറുകൾ അനുവദിക്കൽ, നിയമ വിരുദ്ധ ഇടപാടുകൾ ഒപ്പുവെക്കൽ അടക്കമുള്ള ആരോപണങ്ങളാണ് ഇവർ നേരിട്ടിരുന്നത്. അഴിമതിപ്പണം ഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് ഒത്തുതീർപ്പുണ്ടാക്കിയതിനെ തുടർന്നും നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്നും ഇവരിൽ ബഹുഭൂരിഭാഗത്തെയും പിന്നീട് വിട്ടയച്ചു.