കൊച്ചി- വനിതാ സംവരണം നടപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്്ദാനം. കൊച്ചിയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാനം അവകാശമാക്കി മാറ്റും. തൊഴിലുറപ്പിന്റെ തുടര്‍ച്ചയാണിത്. തുക എല്ലാ പാവങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കും. അധികാരത്തിലെത്തിയാലുള്ള ആദ്യ നടപടി വനിതാ സംവരണ ബില്‍ പാസാക്കലായിരിക്കും- രാഹുല്‍ പറഞ്ഞു.
നാലര വര്‍ഷത്തെ ഭരണത്തില്‍ മോഡി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചതിന് 2019 ല്‍ അധികാരത്തില്‍ ഞങ്ങള്‍ വരുമ്പോള്‍ പരിഹാരം കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹിക്കുന്നതു രാജ്യത്തെ രണ്ടാക്കണമെന്നാണ്. ഒന്നു പണക്കാര്‍ക്കു വേണ്ടിയുള്ള ഇന്ത്യ. മറ്റൊന്നു പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു വേണ്ടി. മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്കായി ചെലവാക്കി. ഒരു രൂപപോലും പാവങ്ങള്‍ക്കു വേണ്ടി നല്‍കിയില്ല. ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മോഡി ശ്രമിച്ചെന്നും രാഹുല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളെയും ചെറുപ്പക്കാരെയും സ്ഥാനാര്‍ഥിയാക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ചെറുപ്പക്കാരും വനിതകളും മല്‍സരിക്കുമെന്നത് ഉറപ്പു വരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാണ് ഈ പരിപാടിയുടെ മുഖ്യവാചകം. അതുകൊണ്ട് എല്ലാവരും അത് ഉള്‍ക്കൊള്ളണം. കോണ്‍ഗ്രസിലെ ഓരോ നേതാക്കളും പ്രവര്‍ത്തകരും എന്റെ ബൂത്ത് എന്റെ അഭിമാനം എന്റെ പാര്‍ട്ടി എന്നതു മനസ്സിലാക്കണം- പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ സ്വന്തം ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണു ശ്രമിക്കുന്നത്. മനുഷ്യനിര്‍മിത ദുരന്തം എന്നു വിശേഷിപ്പിക്കുന്ന പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. അപ്പോള്‍ ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നു. പ്രയാസകാലത്ത് എല്ലാവരും ഒരുമിച്ചായിരുന്നു. കേരള സര്‍ക്കാര്‍ സംസ്ഥാനം പുനര്‍നിര്‍മിക്കുമെന്നാണു നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല.
കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പാവങ്ങള്‍ക്കും സംരക്ഷണം കൊടുക്കുകയെന്നത് അവരുടെ പരിഗണനയില്‍പോലും ഇല്ല. കേരളം ഒരുമിച്ചു നില്‍ക്കണമെന്നാണു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനു ശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചി മറൈന്‍ െ്രെഡവില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പൊതുതിരഞ്ഞെടുപ്പിനു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനൗദ്യോഗിക പ്രചാരണത്തുടക്കം കൂടിയായി സമ്മേളനം. കെ.പി.സി.സി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംസാരിച്ചു.