Sorry, you need to enable JavaScript to visit this website.

നികുതിയിളവിന്റെ ആകാശ തന്ത്രങ്ങൾ

കേന്ദ്ര സർക്കാരിന്റെ ഉഡാൻ സർവീസ് പദ്ധതി പ്രകാരമാണ് സംസ്ഥാന സർക്കാർ നികുതി ഇളവ് നൽകിയിട്ടുള്ളത്. ഇതുവഴി കൂടുതൽ വിമാനക്കമ്പനികൾ കണ്ണൂരിലെത്തുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.


കേരളത്തിലെ പുതിയ വിമാനത്താവളമായ കണ്ണൂർ എയർപോർട്ടിന്റെ വളർച്ച കോഴിക്കോട് വിമാനത്താവളത്തെ തളർത്തുമോ എന്ന ആശങ്ക നേരത്തെ ഈ കോളത്തിൽ പങ്കുവെച്ചിരുന്നു. മലബാറിൽ നിന്നുള്ള ഗൾഫ് യാത്രക്കാരുടെ പ്രധാന യാത്രാ കേന്ദ്രമായിരുന്ന കരിപ്പൂർ വിമാനത്താവളത്തെ തളർത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം ശക്തമായ സമയമായിരുന്നു അത്. ഹജ് എംബാർക്കേഷൻ പോയന്റ് ഉൾെപ്പടെയുള്ള സൗകര്യങ്ങൾ കരിപ്പൂരിന് നഷ്ടപ്പെടുമെന്ന ആശങ്കയും അടുത്ത കാലം വരെ നില നിന്നിരുന്നു. എന്നാൽ ഹജ് യാത്രാ സൗകര്യമുൾപ്പടെയുള്ള കരിപ്പൂരിന് നഷ്ടപ്പെട്ട സൗകര്യങ്ങൾ തിരിച്ചുകിട്ടാൻ അത്തരം ചർച്ചകൾ സഹായകമായി.
കണ്ണൂർ വിമാനത്താവളം മലബാറിലെ, പ്രത്യേകിച്ച് ഉത്തര മലബാറിലെ പ്രവാസികൾ ഉൾെപ്പടെയുള്ള യാത്രക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ പുരോഗതിയുടെ ഗ്രാഫ് ഉയർത്താൻ പുതിയ വിമാനത്താവളം സഹായകവുമായി. അതേസമയം വിദേശ രാജ്യങ്ങളിലെ തൊഴിൽ, സാമ്പത്തിക പ്രതിസന്ധികൾ ഉയർത്തുന്ന വെല്ലുവിളികൾ കണ്ണൂർ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിന് മാത്രമായി സംസ്ഥാന സർക്കാർ അനുവദിച്ച ആനുകൂല്യം പുതിയൊരു വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. കണ്ണൂരിൽ വിമാനങ്ങൾക്ക് ഇന്ധന നികുതിയിൽ ഇളവ് നൽകിയ സംസ്ഥാന സർക്കാർ തീരുമാനമാണ് എതിർപ്പുകൾ ക്ഷണിച്ചു വരുത്തുന്നത്. നികുതി നിരക്ക് ഒരു ശതമാനമാക്കിയാണ് സർക്കാർ കണ്ണൂരിന് ഇളവു നൽകിയിരിക്കുന്നത്. ഈ ആനുകൂല്യം കരിപ്പൂർ എയർപോർട്ടിനും നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാനിരിക്കുകയാണ്. വിമാന ഇന്ധന നികുതി കുറച്ചത് വഴി കരിപ്പൂർ വിമാനത്താവളത്തിലെ സർവീസുകൾക്ക് ഭീഷണി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിച്ചതായി കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കിയിരുന്നു. 
സമര പരിപാടികൾക്കായി ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാർ ഈ വിഷയം ഉന്നയിക്കും. ഫെബ്രുവരി ഒമ്പതിന് എം.പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവള പരിസരത്ത് ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 
പുതിയ വിമാനത്താവളമെന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തിന് വളർച്ച നേടാൻ വെല്ലുവിളികൾ ഏറെയുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ചാലേ വിമാനത്താവളത്തിന് സാമ്പത്തികമായി മുന്നോട്ടു പോകാനാകൂ. 
യാത്രക്കാരുടെ എണ്ണം കൂടിയാൽ മാത്രമേ കൂടുതൽ വിമാനക്കമ്പനികൾ കണ്ണൂരിൽ എത്തൂ. ഇതിനായി വിമാനക്കമ്പനികളെ ആകർഷിക്കുക എന്ന നിലക്കാണ് സർക്കാർ ഇന്ധന നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ സർവീസ് പദ്ധതി പ്രകാരമാണ് സംസ്ഥാന സർക്കാർ നികുതി ഇളവ് നൽകിയിട്ടുള്ളത്. ഇതുവഴി കൂടുതൽ വിമാനക്കമ്പനികൾ കണ്ണൂരിലെത്തുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ എയർപോർട്ടിന് നികുതി ഇളവ് നൽകാതെ സ്വകാര്യ പങ്കാളിത്തമുള്ള കണ്ണൂർ വിമാനത്താവളത്തിന് ആനുകൂല്യം നൽകിയതിനെയാണ് യു.ഡി.എഫ് ചോദ്യം ചെയ്യുന്നത്.
വിമാന ഇന്ധനമായ എ.ടി.എഫിന് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) കരിപ്പൂർ വിമാനത്താവളത്തിൽ 29.4 ശതമാനമാണ് നികുതി. കണ്ണൂരിൽ ഇത് സംസ്ഥാന സർക്കാർ ഒരു ശതമാനമാക്കി കുറച്ചു നൽകിയിരിക്കുകയാണ്. 
നികുതിയിൽ ഇളവു ലഭിക്കുന്നതോടെ വിമാനക്കമ്പനികൾക്കും കണ്ണൂർ വിമാനത്താവളം ആകർഷകമാകും. വിദേശ സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്ക് നികുതി ഇളവിലൂടെ മാത്രം വൻ തുക ലാഭിക്കാനാകും. വിദേശത്തേക്ക് പറക്കുന്ന വിമാനങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനമാണ് ഉപയോഗിക്കേണ്ടി വരുന്നത്. വലിയ വിമാനങ്ങൾക്ക് ഒരു കിലോമീറ്റർ പറക്കാൻ 12 ലിറ്റർ ഏവിയേഷൻ ഇന്ധനം ആവശ്യമാണ്. 
കേരളത്തിൽ നിന്ന് 4000 കിലോ മീറ്റർ ദൂരമുള്ള ജിദ്ദ വിമാനത്താവളത്തിലെത്താൻ ഏതാണ്ട് 50,000 ലിറ്റർ ഇന്ധനം ആവശ്യമാണ്.  ലിറ്ററിന് 70 രൂപ നിരക്കിൽ ഏതാണ്ട് മൂന്നര ലക്ഷം രൂപ ഒരു തവണ പറക്കാൻ ഇന്ധനത്തിന് മാത്രമായി ചെലവിടേണ്ടി വരുന്നുണ്ട്. തിരിച്ചു പറക്കാനും അത്രയും ചെലവു വരും. നികുതി നിരക്ക് ഗണ്യമായി കുറച്ചു നൽകിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികളുടെ വരുമാനത്തിൽ വൻ വർധനവാണുണ്ടാകുന്നത്. ദിവസേന ഒന്നിലേറെ സർവീസ് നടത്തുന്ന കമ്പനികൾക്ക് ഇതുവഴി വലിയ സാമ്പത്തിക ലാഭമുണ്ടാക്കാനാകും. ആഭ്യന്തര വിമാന സർവീസുകൾക്കും ആനുപാതികമായി വരുമാന ലാഭം ഇതു വഴിയുണ്ടാകും. ചരക്കു വിമാനങ്ങളുടെ സർവീസുകളും കണ്ണൂരിലേക്ക് ആകർഷിക്കപ്പെടും. മാത്രമല്ല, കൊച്ചി, കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങളിൽ നിലവിൽ സർവീസ് നടത്തുന്ന കമ്പനികളെ കണ്ണൂരിലേക്ക് ആകർഷിക്കാനും സർക്കാരിന്റെ പുതിയ നീക്കം കൊണ്ടാകും.
കണ്ണൂർ വിമാനത്താവളത്തെ സാമ്പത്തികമായി വിജയിപ്പിക്കുകയെന്നത് പിണറായി സർക്കാരിന്റെ ലക്ഷ്യമാണ്. 1950 കളിൽ അന്നത്തെ കണ്ണൂർ മുനിസിപ്പൽ കൗൺസിലിലാണ് കണ്ണൂർ വിമാനത്താവളം വേണമെന്ന ആവശ്യം ആദ്യമായി ഉയർന്നത്. അതിന് ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും എങ്ങുമെത്താതെ പോയ പദ്ധതി ഈ സർക്കാരിന്റെ കാലത്താണ് ഉദ്ഘാടനം ചെയ്യാനായത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയങ്ങളിൽ ഇടതുമുന്നണി ഉയർത്തിക്കാട്ടാനിരിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ആരംഭം. വിമാനത്താവളം നഷ്ടത്തിലാണെന്ന രീതിയിൽ പ്രചാരണങ്ങൾ തുടങ്ങിയാൽ അത് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രതിഛായയെ ബാധിക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് കണ്ണൂരിനെ സാമ്പത്തികമായി വളർത്തിയെടുക്കാനുള്ള നീക്കമാണ് നികുതി ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്. ഈ ഇളവുകൾ ദീർഘകാലത്തേക്ക് നൽകാനാകില്ലെന്ന് സർക്കാരിനുമറിയാം. നികുതി ഇളവിനെ തുടർന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ടിക്കറ്റ് നിരക്കിൽ കുറവു വരുത്താൻ വിമാന കമ്പനികൾ തയയ്യാറായിട്ടില്ല.
കണ്ണൂരിന് മാത്രമായുള്ള ആനുകൂല്യം തീർത്തും പക്ഷപാതപരമാണെന്നാണ് കരിപ്പൂരിൽ രൂപം കൊണ്ട ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾക്കും തുല്യ സ്ഥാനമാണെന്നിരിക്കേ കണ്ണൂരിന് മാത്രമായി നികുതി കുറക്കുന്നത് സംസ്ഥാന സർക്കാരിന്റെ അസമത്വ നിലപാടായാണ് വിമർശിക്കപ്പെടുന്നത്. കണ്ണൂരിന് നൽകിയ ആനുകൂല്യം പിൻവലിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് കരിപ്പൂരിനും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് അവർ വാദിക്കുന്നത്. കരിപ്പൂരിന് വേണ്ടിയുള്ള രാഷ്ട്രീയ സമ്മർദങ്ങളോട് സർക്കാർ എന്തു നിലപാടെടുക്കുമെന്ന് കാത്തിരുന്നു കാണാം. കണ്ണൂരിന് നൽകിയ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ കരിപ്പൂരിനും നികുതി ഇളവ് പ്രഖ്യാപിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

 

Latest News