ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് കേരള യാത്രാനുഭവം പങ്ക് വെക്കുന്നു
എത്ര സുന്ദരം നിങ്ങളുടെ കേരളം? പ്രകൃതിഭംഗിയിൽ ഞാനും കുടുംബവും പൂർണമായും ലയിച്ചുപോയി. മൂന്നു ദിവസം കൊണ്ട് എവിടെയുമെത്തിയില്ലല്ലോ എന്ന തോന്നൽ. ഇനിയും പോകണം കേരളത്തിൽ. നിങ്ങളുടെ നാടിന്റെ ഹരിത സൗന്ദര്യം കണ്ടു മതിയായില്ല.
ഈയിടെ കൊച്ചിയിലും കോഴിക്കോട്ടും കണ്ണൂരിലും പര്യടനം നടത്തി തിരിച്ചെത്തിയ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ, തന്റെ കേരളാനുഭവങ്ങൾ മലയാളം ന്യൂസുമായി പങ്കിടവേ, കായലും കടലും കുന്നുകളും നൽകിയ ദൃശ്യാനുഭവങ്ങൾക്കൊപ്പം മലയാളികളുടെ മധുരോദാരമായ ആതിഥ്യ മര്യാദയെക്കുറിച്ചും വാചാലനായി.
വടക്ക് നാഗാലാന്റ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാൻമർ -ഇത് മണിപ്പൂരിന്റെ ഭൂമിശാസ്ത്രം. മലമുകളിലെ സുന്ദരി മണിപ്പൂർ. ഇന്ത്യയുടെ ഉത്തരപൂർവ ദേശത്ത് നീലക്കുന്നുകൾക്ക് താഴെ സദാ മയങ്ങുന്ന മനോഹരമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ സ്വദേശിയായ, ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ ഈ നയതന്ത്രജ്ഞന് കേരളം എന്തേ ഇത്രയും ഹൃദയഹാരിയായിത്തോന്നാൻ?
കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, പത്‌നി ഡോ. നാസ്‌നിൻ, മക്കളായ നൈമ, അബ്ദുല്ല എന്നിവർ കുമരകത്ത്
- കേരളീയരുടെ സാക്ഷരതാ ബോധം, ശുചിത്വ ബോധം, പരസ്പര സഹകരണം ഇവയൊക്കെ എന്നെ മറുനാട്ടിലിരിക്കുമ്പോൾ, പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ സേവനമനുഷ്ഠിക്കുമ്പോൾത്തന്നെ ആകർഷിച്ച ഘടകങ്ങളാണ്. അന്യരെ സഹായിക്കാനുള്ള മലയാളിയുടെ സാമൂഹിക ബോധവും ഞാൻ നേരിട്ടനുഭവിച്ചിട്ടുണ്ട്. ഹജ് തീർഥാടകരെ സഹായിക്കുന്ന ജിദ്ദയിലേയും മക്കയിലേയും മലയാളികളുടെ സന്നദ്ധ പ്രവർത്തനങ്ങളും എന്നിൽ മതിപ്പ് ഉണ്ടാക്കിയ കാര്യങ്ങളാണ്. ഏറെക്കാലമായി കേരളം സന്ദർശിക്കണമെന്ന് കരുതുന്നു. കേരള ടൂറിസം ഏറെ സാധ്യതകളിലേക്ക് വാതായനങ്ങൾ തുറന്നിടുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.
പക്ഷേ ഔദ്യോഗിക പരിവേഷമൊന്നുമില്ലാതെ, തികച്ചും അനൗപചാരികമായ പിക്‌നിക് -അതായിരുന്നു ഈ യാത്ര. കഴിഞ്ഞ മാസമാണ് അതിനു സാധിച്ചത്. സകുടുംബം ഒരവധിക്കാല യാത്ര എന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ കേരളത്തിൽ ഞാൻ കണ്ട ഓരോ നഗരവും ഗ്രാമവും എന്നെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് തന്നെ മാടി വിളിക്കുന്ന പ്രതീതി. സ്റ്റിൽ ഹോണ്ടിംഗ് ദ ട്രിപ്പ്. യെസ്, അയാം കംപ്ലീറ്റ്‌ലി ഇൻ ദ ഹാംഗോവർ ഓഫ് കേരള.
*** *** ***
കുമരകത്ത് തണ്ണീർമുക്കത്തെ ബോട്ട് യാത്ര, വേമ്പനാട്ടു കായൽപരപ്പിന്റെ പ്രശാന്തിയിൽ ഫ്രഷ് കരിമീൻ കൂട്ടിയുള്ള ഉച്ചഭക്ഷണം, കായൽക്കരയിലെ കൊച്ചുകൊച്ചു വീടുകൾ, അവിടെ തുടിക്കുന്ന ജീവിതങ്ങൾ.. കശ്മീരിലെ ദാൽ തടാകത്തിലൂടെയുള്ള ജലയാത്രയേയും പിന്നിലാക്കുന്ന അനുഭവമായിരുന്നു കുമരകം സമ്മാനിച്ചതെന്ന് കോൺസൽ ജനറൽ പറഞ്ഞു.
കരിപ്പൂർ ഹജ് ഹൗസിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സി.ജിയെ സ്വീകരിക്കുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബോബി മാനാട്ട്, ഹജ് കോ ഓർഡിനേറ്റർ ഷാജഹാൻ എന്നിവർ സമീപം
ഇരുകരകളിലും തിങ്ങിവിങ്ങി വളർന്ന തെങ്ങുകളും നാളികേരക്കുലകളും തനിക്കും കുടുംബത്തിനും അദ്ഭുതമായെന്ന് തെങ്ങുകളില്ലാത്ത നാട്ടിൽ നിന്നെത്തിയ അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരം തെങ്ങാണെന്നും അതുകൊണ്ടാണ് കേരളമെന്ന പേര് കിട്ടിയതെന്നും ഈ സഞ്ചാരത്തിനിടെയാണ് ബോധ്യമായത്. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സൗകര്യവും സജ്ജീകരണങ്ങളും തന്നെ വിസ്മയം കൊള്ളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ജനങ്ങളും കൈ കോർത്താൽ ഒരു പദ്ധതിയെങ്ങനെ വിജയ ലക്ഷ്യത്തിലെത്താമെന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ എയർപോർട്ടുകൾ. കണ്ണൂർ, കരിപ്പൂർ എയർപോർട്ടുകളും കേരളത്തിന്റെ വികസനത്തിലെ നാഴികക്കല്ലുകളായി ഉയർന്നു നിൽക്കുന്നത് അഭിമാനകരമാണ്.
ജിദ്ദയിലെ കോൺസുലേറ്റുദ്യോഗസ്ഥൻ ബോബി മാനാട്ടിന്റേയും കുടുംബത്തിന്റേയും ആതിഥ്യം സ്വീകരിച്ച് സമ്പൂർണ സാക്ഷര കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയം അതിരമ്പുഴയിലെത്തിയ കോൺസൽ ജനറലിനും കുടുംബത്തിനും നഗരപ്പകിട്ടിനേക്കാൾ ഇഷ്ടമായത് കോട്ടയത്തേയും പരിസരങ്ങളിലേയും ഗ്രാമീണ കാഴ്ചകളാണ്.
കേരളീയ ഭക്ഷണത്തിലെ എരിവ് പ്രശ്‌നമായോ എന്ന ചോദ്യത്തിന് സി.ജി പൊട്ടിച്ചിരിയോടെ മറുപടി പറഞ്ഞതിങ്ങനെ: പച്ചമുളക് മാത്രം വായിലിട്ട് കടിച്ചു തിന്നുന്ന മണിപ്പൂരികൾക്ക് മലയാളികളുടെ മെനുവിലെ എരിവൊന്നുമൊരു പ്രശ്‌നമേയല്ല! കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് തീവണ്ടിയിലാണ് പോയത്. കോഴിക്കോടൻ ഹലുവയുടെ സ്വാദ് നുണഞ്ഞാണ് കംപാർട്ട്‌മെന്റിൽ കയറിയത്. മക്ക ഇന്ത്യൻ ഹജ് ഓഫീസിലെ മലയാളി ജീവനക്കാരൻ അബ്ബാസും കൂടെയുണ്ടായിരുന്നു.
ഒരു ട്രെയിൻ യാത്രാനുഭവമാകട്ടെയെന്ന് കരുതിയാണ് തീവണ്ടി തെരഞ്ഞെടുത്തത്. വടകരയും തലശ്ശേരിയുമൊക്കെ കേട്ടിട്ടുണ്ട്. ആ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് റെയിൽവേ സ്റ്റേഷനുകളിലെ ബോർഡുകൾ കണ്ടപ്പോഴാണ് ബോധ്യമായത്.
ഗുണ്ടർട്ടിനെക്കുറിച്ചും തലശ്ശേരിയെക്കുറിച്ചും മുമ്പ് വായിച്ചിട്ടുണ്ട്. കണ്ണൂരിലിറങ്ങിയപ്പോൾ നഗരക്കാഴ്ചകളും ജനസഞ്ചയവും കണ്ട് അര മണിക്കൂർ വെറുതെ നിന്നു. നല്ല മധുര പലഹാരങ്ങൾ കിട്ടി. കണ്ണൂരിലെ പുതിയ എയർപോർട്ടും മനസ്സിൽ മായാത്ത ചിത്രമാണ് കൊത്തിവെച്ചത്. പാപ്പിനിശ്ശേരിയിലെ പാമ്പ് പാർക്കിലെ കാഴ്ചകളിലും മതി മറന്നിരുന്ന് പോയി. സഹയാത്രികരായ ഭാര്യ ഡോ. നാസ്‌നിൻ, മക്കളായ നൈമ, അബ്ദുല്ല എന്നിവർക്ക് സ്‌നേക് പാർക്ക് ഏറെ ഇഷ്ടമായി.
കരിപ്പൂർ ഹജ് ഹൗസിലും സന്ദർശനം നടത്തി. ഔദ്യോഗിക പരിപാടികളൊന്നുമില്ലായിരുന്നുവെങ്കിലും ഓരോ വർഷവും ഹജ് കമ്മിറ്റി വഴിയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ജിദ്ദയിലേക്ക് പുറപ്പെടാറുള്ള ഹജ് തീർഥാടകരുടെ ഇടത്താവളം കാണാനും സൗകര്യങ്ങളെക്കുറിച്ച് ആരായാനും സമയം കണ്ടെത്തുകയായിരുന്നു. കേരള ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തൊടൊപ്പമാണ് കാരന്തൂർ മർകസ് സന്ദർശിച്ചത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ മധുരോദാരമായ ആതിഥ്യം സ്വീകരിക്കാനും ഭാഗ്യമുണ്ടായി. മർകസിലെ അനാഥരുൾപ്പെടെ ആയിരക്കണക്കിന് കുട്ടികളെ കാണാനും കശ്മീരിൽ നിന്നുൾപ്പെടെയുള്ള നിർധനരായ അന്തേവാസികളുമായി ആശയ വിനിമയം നടത്താനും സാധിച്ചത് അവിസ്മരണീയമായ എന്റെയൊരു കേരളാനുഭവമായിരുന്നു.
- കേവലം മൂന്നു നാളത്തെയൊരു മാരത്തോൺ യാത്ര. പരിമിതികളുണ്ടായിട്ടും പക്ഷേ, ഈ പര്യടനം എന്നെ വീണ്ടും കേരളത്തിലേക്ക് തിരികെ വിളിക്കുന്നു. മതി വരാത്ത കാഴ്ചകൾ. വയനാടും ഇടുക്കിയും കണ്ടില്ല. പാലക്കാട്ട് പോയില്ല, മലമ്പുഴ മിസ്സായി. പൂരങ്ങളുടെ നാടായ തൃശൂരിലെ റോഡുകളേ കണ്ടുള്ളൂ. അങ്ങനെ ഇനിയും കേരളത്തിന്റെ കാണാക്കാഴ്ചകൾ. അടുത്ത വെക്കേഷൻ വീണ്ടും കേരളത്തിലേക്ക് തന്നെ, ഇൻശാ അല്ലാഹ്.