ദുബായ്- ദുബായില്‍നിന്നു മസ്‌കത്തിലേക്ക് ആരംഭിച്ച ബസ് സര്‍വീസ് മലയാളികള്‍ക്ക് അനുഗ്രഹമാകും. ദുബായ് മലയാളികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഒമാനിലെ മസ്‌കത്തും സലാലയും.
ദുബായ് അബു ഹെയില്‍ ബസ് സ്‌റ്റേഷനില്‍ നിന്നു ദിവസവും 3 സര്‍വീസുണ്ടാകും. രാവിലെ 7.30, ഉച്ചകഴിഞ്ഞ് 3.30, രാത്രി 11.00 എന്നിങ്ങനെയാണു സമയം. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2, റാഷിദിയ ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നു യാത്രക്കാരെ കയറ്റും. 55 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് 90 ദിര്‍ഹം. 6 മണിക്കൂര്‍ കൊണ്ട് മസ്‌കത്തില്‍ എത്താം.
പുതിയ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ആര്‍ടിഎയും ഒമാന്‍ ദേശീയ കമ്പനിയായ മുവസലാത്തും കരാര്‍ ഒപ്പുവച്ചു. സൗജന്യ വൈഫൈ സേവനവും നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ആഡംബര ബസുകളാണ് സര്‍വീസ് നടത്തുക.
ഷിനാസ്, സോഹാര്‍, സഹം, ഖബൂറ, സുവൈഖ്, മുസന, ബര്‍ക, മാബില, ബുര്‍ജ് അല്‍ സഹ് വ, മസ്‌കത്ത് വിമാനത്താവളം, അതിബാ സ്‌റ്റേഷന്‍ എന്നിവയാണ് മറ്റു സ്‌റ്റോപ്പുകള്‍. ദുബായ് എക്‌സ്‌പോ കൂടി കണക്കിലെടുത്താണ് ബസ് സര്‍വീസിനു തുടക്കം കുറിച്ചതെന്നു മുവസലാത്ത് സിഇഒ: അഹമ്മദ് ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു.
അവധിദിവസങ്ങളില്‍ കുടുംബത്തോടൊപ്പമുള്ള ഉല്ലാസയാത്രകള്‍ പതിവാക്കിയ മലയാളികള്‍ക്ക് കുറഞ്ഞ ചെലവിലുള്ള പുതിയ സര്‍വീസ് അനുഗ്രഹമാകും.