ദുബായ്- പ്രമേഹത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ പ്രതിരോധം നല്‍കാനും പുതിയ പരിശോധനാ സംവിധാനവുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. രക്തത്തിലെ ഗ്ലൂക്കോസിന്റെയും കുത്തിവയ്‌ക്കേണ്ട ഇന്‍സുലിന്റെയും അളവ് കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ചെറിയ ഉപകരണമാണിത്. ഇതിനെ ആപ്പുമായി ബന്ധിപ്പിച്ചാല്‍ രോഗ വിശദാംശങ്ങള്‍ ഡോക്ടര്‍ക്കു ലഭ്യമാകും.
കുറഞ്ഞസമയം, കൃത്യമായ രോഗ നിര്‍ണയം, ഓരോ ഘട്ടത്തിലും ആവശ്യമായ ഇന്‍സുലിന്റെ അളവ്, മാര്‍ഗനിര്‍ദേശം എന്നിങ്ങനെ ഈ ചെറിയ ഉപകരണം നല്‍കുന്നത് വലിയ സേവനങ്ങള്‍.
രക്തപരിശോധനക്കുള്ള ചെറുസൂചി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്. രക്തമെടുത്താല്‍ ഉടന്‍ റീഡിംഗ് കാണിക്കും. ഗ്ലൂക്കോസിന്റെ അളവ്, ആവശ്യമായ ഇന്‍സുലിന്റെ ഡോസ് എന്നിവ മനസ്സിലാക്കാം. നേരത്തെ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.
സൂചി ഒഴിവാക്കിയുള്ള മറ്റൊരു ഉപകരണവുമുണ്ട്. ദിവസവും ഇന്‍സുലിന്‍ കുത്തിവയ്പുകള്‍ വേണ്ടവര്‍ക്ക് ഇതു വളരെ ആശ്വാസമാകും. രക്തപരിശോധനയ്ക്ക് വേണ്ടിയുള്ള കുത്തിവെപ്പ് ഒഴിവാക്കാം.