- അടുത്ത വർഷാവസാനത്തോടെ ഓൺലൈൻ വ്യാപാര മേഖലയിൽ പത്തു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ
റിയാദ് - ഓൺലൈൻ വ്യാപാരം വർധിച്ചത് പരമ്പരാഗത വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നതായി വിദഗ്ധർ പറഞ്ഞു. ഓൺലൈൻ വ്യാപാരം വർധിച്ചതിന്റെ ഫലമായി കഴിഞ്ഞ വർഷം പരമ്പരാഗത വ്യാപാര മേഖലയിൽ വിൽപന 30 ശതമാനം തോതിൽ കുറഞ്ഞു.
ഉപയോക്താക്കളിൽ ഒരു ഭാഗം ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയിട്ടുണ്ട്. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ഓൺലൈൻ വിപണിയാണ് സൗദിയിലേത്. സൗദിയിൽ 2.4 കോടി പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കളിൽ 42 ശതമാനം പേരും ഓൺലൈൻ വഴി ഷോപ്പിംഗ് നടത്തുന്നു.
സൗദി പൗരന്മാർ ഓൺലൈൻ ഷോപ്പിംഗിന് പ്രതിവർഷം ശരാശരി നാലായിരം റിയാൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. സൗദിയിൽ പ്രതിവർഷ ഓൺലൈൻ വ്യാപാരം മൂവായിരം കോടി റിയാലായി ഉയർന്നതായി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വാങ്ങൽ ശക്തി കൂടിയ ലോകത്തെ ഏറ്റവും മികച്ച ഇരുപതു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് ലോക ബാങ്ക് പറയുന്നു.
അടുത്ത വർഷാവസാനത്തോടെ രാജ്യത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ പത്തു ലക്ഷത്തിലേറെ പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് ഓൺലൈൻ വ്യാപാര വിദഗ്ധൻ ഫഹദ് അൽഗാംദി പറഞ്ഞു. നിക്ഷേപ, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചും നിയമാനുസൃത സാഹചര്യം ഒരുക്കിയും ഇ-പെയ്‌മെന്റ് എളുപ്പമാക്കിയും ലോജിസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കിയും ഓൺലൈൻ വ്യാപാര മേഖല നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നു.
ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏതാനും പദ്ധതികൾ സമീപ കാലത്ത് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ചിട്ടുണ്ടെന്നും ഫഹദ് അൽഗാംദി പറഞ്ഞു.
ഓൺലൈൻ വ്യാപാരം വർധിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ നടപ്പാക്കിവരികയാണെന്ന് ഓൺലൈൻ സ്റ്റോർ ഉടമ ഫാതിമ അബ്ദുല്ല പറഞ്ഞു. ഓൺലൈൻ മാർക്കറ്റുകളിൽ ഉപയോക്താക്കൾക്കുള്ള വിശ്വാസം വർധിപ്പിക്കുന്നതിന് മഅ്‌റൂഫ് എന്ന് പേരിട്ട സേവനം വാണിജ്യ, നിക്ഷേപ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴി വാങ്ങുന്ന ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുന്നത് എളുപ്പമാക്കുന്നതിന് സൗദി പോസ്റ്റും ഏതാനും പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഈ നടപടികൾ ഓൺലൈൻ വ്യാപാര മേഖലയിൽ ഉണർവുണ്ടാക്കുകയും ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വ്യാജ ഉൽപന്നങ്ങളുടെ വിൽപന അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികൾ തടയിടുന്നതായും ഫാതിമ അബ്ദുല്ല പറഞ്ഞു.