റിയാദ് - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിൽ മദ്യനിർമാണ കേന്ദ്രങ്ങൾ നടത്തിയ പതിനെട്ടു പേരെ പോലീസും മതകാര്യ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ആറു പേർ വനിതകളാണ്. അറസ്റ്റിലായവരെല്ലാവരും അനധികൃത താമസക്കാരാണ്. മദ്യനിർമാണ കേന്ദ്രങ്ങളെ കുറിച്ച് മതകാര്യ പോലീസിന് രഹസ്യ വിവരങ്ങൾ ലഭിക്കുകയായിരുന്നെന്ന് റിയാദ് പ്രവിശ്യ മതകാര്യ പോലീസ് വക്താവ് ശൈഖ് മുഹമ്മദ് അൽസബർ പറഞ്ഞു. തുടർന്ന് പോലീസുമായി സഹകരിച്ച് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യുകയായിരുന്നു. വിതരണത്തിന് തയാറാക്കിയ 64,405 ലിറ്റർ മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും കേന്ദ്രങ്ങളിൽ കണ്ടെത്തിയതായും ശൈഖ് മുഹമ്മദ് അൽസബർ പറഞ്ഞു.