Sorry, you need to enable JavaScript to visit this website.

ചോര തുടിക്കും ചെറു കയ്യുകളേ..

നമ്മുടെ സ്വന്തം കേരളത്തിന്റെ പുതിയ ആർത്തവ പ്രസ്ഥാനത്തെപ്പറ്റി ദ് ന്യൂയോർക്കർ വാരികയുടെ എഡിറ്റർ ഒന്നും കേട്ടുകാണില്ല. ആ വാരികയിൽ രക്തശാസ്ത്രത്തെപ്പറ്റി ലേഖനമെഴുതിയ ജെറോം ഗ്രൂപ്മാനും കൊച്ചുകേരളം വിദൂരമായിരിക്കും. ലേഖനത്തിനു പ്രചോദനമായ പുസ്തകം രചിച്ച റോസ് ജോർജ് എന്ന ബ്രിട്ടീഷ് പത്രപ്രവർത്തക കേരളം സന്ദർശിച്ചോ എന്നറിയില്ല. പക്ഷേ ഇന്ത്യയിൽ വരുമ്പോൾ ഇവിടെയും മറ്റു പലയിടത്തും പിന്തുടർന്നു പോരുന്ന ആചാര വിശേഷങ്ങൾ അവർക്കറിയാമായിരുന്നു.
ആർത്തവ കാലത്തെ ആചാരങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കാൻ റോസ് ജോർജ് നേപ്പാൾ വരെ എത്തി. രാധ എന്ന പെൺകുട്ടി വയസ്സറിയിച്ചപ്പോൾ അനുഷ്ഠിച്ചിരുന്ന കാര്യങ്ങൾ അവർ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.  ഗ്രൂപ്മാൻ കുറിച്ചിട്ടിരിക്കുന്ന സാരാംശം ഇങ്ങനെ: 'ചില സംസ്‌കൃതികളിൽ രക്തത്തിന്റെ നഷ്ടം ആളുകൾക്കു മാത്രമല്ല സമൂഹത്തിനൊട്ടാകെ അപകടമാണെന്നു കരുതപ്പെടുന്നു. നേപ്പാളിൽ പോയ വഴിയേ ലേഖിക രാധ എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ഋതുമതിയായ രാധക്ക് വീട്ടിലോ കോവിലിലോ കേറാൻ പാടില്ല.
മറ്റുള്ളവരെ തൊടാൻ പാടില്ല. എരുമയുടെ പാൽ കുടിച്ചുകൂടാ.  കുടിച്ചാൽ എരുമ രോഗിണിയാകും, പാൽ ചുരത്താതാകും. പുഴുക്കലരിച്ചോറേ കഴിക്കാവൂ. അതു തന്നെ അകലെ നിന്ന് ആരെങ്കിലും പിഞ്ഞാണത്തിലേക്ക് എറിഞ്ഞു കൊടുക്കണം.'
നമ്മളെ ഞെട്ടിക്കുന്നതല്ല റോസ് ജോർജിന്റെ കണ്ടുപിടിത്തങ്ങൾ. അതിനെപ്പറ്റിയുള്ള ഗ്രൂപ് മാന്റെ ലേഖനം ദ് ന്യൂയോർക്കറിൽ വന്നത് നമ്മുടെ ആർത്തവ സമരം മുറുകുന്ന നേരത്താണെന്നത് രസകരമായ ഒരു യാദൃഛികത. സമരം നയിക്കുന്നവർക്കെല്ലാം ഉപയോഗമാവും ആർത്തവത്തിന്റെ പുരാവൃത്തവും ജീവശാസ്ത്രവും അവതരിപ്പിക്കുന്ന ഒമ്പതു കുപ്പി(ചശില ജശിെേ) എന്ന റോസ് ജോർജിന്റെ പുസ്തകം. മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവത്രേ ഒമ്പത് കുപ്പി.  കൂടുതൽ അറിവു വേണ്ടവർക്ക് മെഡിസിൻ പ്രൊഫസറും രക്തശാസ്ത്ര വിദഗ്ധനുമായ ജെറോം ഗ്രൂപ്മാനെ സമീപിച്ചുനോക്കാം.
അദ്ദേഹം പറയാതെ തന്നെ നമുക്കറിയാം, ആവശ്യത്തിനും അലങ്കാരത്തിനും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അവയവാംശമാകുന്നു രക്തം. മാനവരാശിയുടെ പുരോഗതിക്കു വേണ്ട പന്തങ്ങൾ കൈമാറിപ്പോവാൻ 'ചോര തുടിക്കും ചെറു കയ്യുക'ളോട് ആഹ്വാനം ചെയ്തത് വൈലോപ്പിള്ളിക്ക് മുമ്പും ആയിരിക്കും. ഗ്രൂപ്മാൻ രക്തശാസ്ത്രം പഠിക്കാൻ പോയപ്പോൾ പ്രൊഫസർ ആദ്യം ഉദ്ധരിച്ചുകേട്ടത് പഴയ നിയമത്തിലെ ഒരു വാക്യമത്രേ: 'മാംസത്തിന്റെ ജീവനിരിക്കുന്നത് രക്തത്തിലാകുന്നു.'
ആശാനെ കോപ്പിയടിക്കാൻ അനുവാദമുണ്ടെങ്കിൽ, 'രക്തത്തിൽനിന്നുദിക്കുന്നൂ ലോകം രക്തത്താൽ വൃദ്ധി തേടുന്നൂ' എന്നു പോലും പാടാം. അത്ര പ്രധാനമാകുന്നു രക്തം, ജീവിതത്തിലും സംസാരത്തിലും. പ്രാണവായു വഹിക്കുന്നത് രക്തത്തിലെ വെളുത്ത കോശങ്ങളാണ്. വെളുത്ത കോശങ്ങൾ രോഗങ്ങളെ തടഞ്ഞുനിർത്തുന്നു.  മരണം വരുത്തിവെക്കാവുന്ന ചോരയൊഴുക്ക് ഒഴിവാക്കാനും നേരത്തിന് ചോര കട്ടി പിടിപ്പിക്കാനും പ്ലാസ്മയും പ്ലേറ്റ്‌ലെറ്റുകളും വേണം. എപ്പോഴും പുതുക്കപ്പെടുന്നതത്രേ രക്തം. ചുവന്ന അണുക്കൾ ഏതാനും മാസം കൊണ്ട് മുഴുവനും പുതുതാകുന്നു; വെളുത്തവ ഏതാനും ദിവസം കൊണ്ടും.  രക്തത്തിനാധാരമായ മജ്ജ മാറ്റിവെച്ചാൽ മരിക്കുന്ന ആളെ ജീവിപ്പിക്കാമെന്നു പോലും രക്തശാസ്ത്രം തെളിയിച്ചിരിക്കുന്നു.
കഷ്ടം, അങ്ങനെയുള്ള ജീവൽ പ്രധാനമായ രക്തത്തെയാണ് ശബരിമല കയറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ നമ്മൾ ചിലപ്പോൾ പതിതമെന്നും ദൂഷിതമെന്നും  പറയുന്നത്. രക്തത്തെ കളങ്കിതമാക്കുന്നതൊന്നുമില്ല.  
ആയുർവേദ ചിന്തകർ ചൂണ്ടിക്കാട്ടുന്ന രക്തദോഷം വേണമെങ്കിൽ എടുത്തുപറയാം.  അത് രോഗശാസ്ത്രം. സ്വാസ്ഥ്യത്തെ അപകടപ്പെടുത്തുന്നതെല്ലാം രക്തദോഷമാകുന്നു. അതല്ലാതെ, ചോര ചിന്തിയും ചോര നീരാക്കിയും അതിനു ചോര ചൊരിച്ചിലിനു സാക്ഷ്യം വഹിച്ചും മനുഷ്യർ വികസിപ്പിച്ചെടുത്ത സംസ്‌കൃതിയിൽ ആർക്കും ഒരിടത്തും പതിതമോ ദൂഷിതമോ ആയ ചോരയില്ല. മിഥ്യാഭിമാനം മൂത്ത ചിലർ, തങ്ങൾ സമൂഹത്തിൽ ഒരു പടി മികച്ചവരാണെന്നു തെളിയിക്കാൻ 'നീലരക്തം സിരയിലുള്ളോരെ'പ്പോലെ പെരുമാറുന്നതു കാണാം. പക്ഷേ രക്തം എവിടെയും ഏക വർണമാകുന്നു, നീലയല്ല.
ചോരയുടെ ചരിത്രം പഠിക്കുന്നവർ അതിനെ കാലദേശാവധികളിൽനിന്ന് മുക്തമായതായും ഭൂമിയുടെയും പ്രാണന്റെ തന്നെയും ഉത്ഭവവുമായി ബന്ധപ്പെടുത്തിയും കാണുന്നു.  നമ്മുടെ ചോരയിലെ ഇരുമ്പിന്റെ അംശം സൂപ്പർ നോവകളുടെ തിരോധാനത്തിൽനിന്നുണ്ടായതത്രേ. ഭൂമിയിൽ കാണുന്ന ഇരുമ്പ് മുഴുവൻ അങ്ങനെ ഉണ്ടായതാണ് പോലും. നമ്മൾ ഉണ്ടായത് കടലിൽനിന്നാണ്. നമ്മളിലെ 'രസാവഹമായ ഈ ചുവന്ന ദ്രാവക'ത്തിന്റെ കലർപ്പും ഉപ്പും വെള്ളവും തന്നെ. മനുഷ്യശരീരത്തിലൊഴുകുന്ന രക്തം ഒരു ദിവസം തരണം ചെയ്യുന്ന ദൂരം വെറും പന്തീരായിരം നാഴിക. മൊത്തം ചോരക്കുഴലുകളുടെ നീളമോ, അറുപതിനായിരം നാഴിക! 
പ്രാചീന രക്തചരിത്രത്തിലേക്ക് ഊളിയിട്ടാൽ, ആർത്തവ രക്തത്തിന്റെ മലീമസതയെപ്പറ്റി വേവലാതിപ്പെടുകയും അതിനെ രാഷ്ട്രീയ മൂലധനമാക്കി മാറ്റുകയും ചെയ്യുന്നവർക്ക് രസിക്കാവുന്ന കാര്യങ്ങൾ പലതും കിട്ടും. ഉദാഹരണമായി, മൂത്തപ്ലിനി എന്ന ചരിത്രകാരൻ പറഞ്ഞ ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഉണ്ടെന്നു പറയുന്ന ചില പ്രത്യേകതകൾ. മാസമുറയിലുള്ള സ്ത്രീകൾക്ക് വിത്തുകൾ മുളക്കുന്നതു തടയാം, മൂക്കാത്ത കായ്കനികൾ വീഴ്ത്താം, ചെടികളെ ഉണക്കാം. ബോധപൂർവം അവർ ചെയ്യുന്നതല്ല ഇതൊന്നും എന്നു വരുമ്പോൾ അതാപത്താകുന്നു. ഭാഗ്യമെന്നു പറയുക, പ്ലിനി പണ്ടു പറഞ്ഞതിനു തെളിവു നോക്കി ഇന്നത്തെ ആർത്തവ വിദ്യാർഥികൾ നടക്കണ്ട.  
പാപ്പുവാ ന്യൂഗിനിയയുടെ വടക്കു മാറി, വോഗിയോ എന്ന ദ്വീപിലെ ആളുകൾ ആർത്തവ രക്തത്തിന് ഹാനികരവും അതേ സമയം ശുചിദായകവുമായ ഗുണങ്ങൾ ഉള്ളതായി വിശ്വസിച്ചുപോരുന്നു. സ്ത്രീകൾക്ക് എല്ലാം വിട്ടുകൊടുക്കാതിരിക്കാനുള്ള തത്രപ്പാടിൽ പുരുഷന്മാർ മാസമുറ അനുകരിച്ചിരുന്നുവത്രേ.  ജനനേന്ദ്രിയത്തിൽ ഞണ്ടിന്റെ മുള്ളുകൊണ്ട് പോറുകയായിരുന്നു അതിനുള്ള വിദ്യ. ആർത്തവ രക്തത്തിന്റെ അനന്ത സാധ്യതകളെപ്പറ്റിയുള്ള പുരാവൃത്തം അങ്ങനെ നീണ്ടുപോകുന്നു. 
ഒരു വശത്ത് ആർത്തവ രക്തത്തിന്റെ ദൂഷ്യം ചർച്ച ചെയ്യപ്പെടുമ്പോൾ മറ്റൊരു വശത്ത് ചിലർ ചിലരുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു.  രക്തദാഹത്തെപ്പറ്റി നമുക്ക് കേട്ടറിവുണ്ടെങ്കിലും രക്തം ആരും കുടിക്കുന്നതു നമ്മൾ കണ്ടിട്ടില്ല, നല്ലൊരു പാനീയമല്ല രക്തം, യുഗങ്ങളായി. സ്വത്വവും സ്വഭാവവും നഷ്ടപ്പെടുമ്പോൾ നമ്മൾ 'ഓരോ തുള്ളി ചോരക്കും' പകരം ചോദിക്കാൻ ഒരുങ്ങുകയും രൗദ്ര ഭീമന്മാരായി മാറുകയും ചെയ്യുന്നു. 
അനുയായികളോട് തന്റെ ചോര കുടിക്കാനും മാംസം തിന്നാനും പറഞ്ഞ ഒരേ ഒരു ഗുരുനാഥനേയുള്ളൂ -നസ്‌റേത്തിലെ യേശു. പക്ഷേ ശാന്തിയുടെയും സ്‌നേഹത്തിന്റെയും ദൂതനായ മനുഷ്യ പുത്രൻ അക്ഷരാർഥത്തിൽ രക്തപാനം ഉപദേശിക്കുകയായിരുന്നില്ല. അതും, നമ്മുടെ പഴമയിലെ പലതുമെന്ന പോലെ, ഒരു സംവേദനം പൊലിപ്പിക്കാൻ വേണ്ടി ഇറക്കിയ മെറ്റഫർ മാത്രം.
യേശുശിഷ്യനായ തോമയുടെ ചോര പുരണ്ടതെന്നു ചിലർ വിശ്വസിക്കുന്ന തുണി ചെന്നൈയിലെ ഒരു പള്ളിയിൽ കൂട്ടിലിട്ടു സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അതിന്റെ പശ്ചാത്തലത്തിൽ നടന്ന ചോര ചൊരിച്ചിലും രക്തസാക്ഷിത്വവും വ്യാഖ്യാനിക്കപ്പെടുന്നതു കേൾക്കുകയു ചെയ്തു. രക്തസാക്ഷികളുടെ ദിവ്യാവശിഷ്ടങ്ങൾ പലയിടത്തും പ്രസാദമായും ഔഷധമായും ഉപയോഗിക്കപ്പെടുന്നു. രക്തത്തെ സംബന്ധിച്ച വൈപരീത്യം നോക്കൂ, ഒരിടത്ത് ഒരു സന്ദർഭത്തിൽ മലിനവും അശുദ്ധവുമാകുന്നത് മറ്റൊരു സന്ദർഭത്തിൽ മറ്റൊരിടത്ത് പ്രാണരക്ഷകമാകുന്നു. കവി പറഞ്ഞ പോലെ, 'ലോകം വിഭിന്നോത്സവം.'
രക്തശാസ്ത്രം ഏറെ വിപുലമായിരിക്കുന്നു.അതിന്റെ ഘടനയും സാധ്യതകളും നിർധാരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു, അതിനെപ്പറ്റിയുള്ള പഴയ സങ്കൽപങ്ങളും ശുദ്ധാശുദ്ധ ഭാവനകളും പൊളിച്ചെഴുതാൻ വേണ്ട അറിവ് കൂടിക്കൂടി വരുന്നു.  ഇതൊക്കെയായിട്ടും പ്രൊഫസർ ജെറോം ഗ്രൂപ്മാൻ പറയുന്നു, രക്തത്തിന്റെ മായികത്വം തീർത്തും മാഞ്ഞുപോകുന്നില്ല.

Latest News