തിരുവനന്തപുരം- സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്്‌റക്ക് നല്‍കിയത്.
നിയമപരമായ ഒരു തെറ്റും ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറുമ്പോള്‍ അല്‍പം കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന ഉപദേശം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു.
റിപ്പോര്‍ട്ട് പഠിച്ച ശേഷം ഡി.ജി.പിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടത്.
കര്‍ത്തവ്യം നിര്‍വഹിച്ച എസ്.പിക്കെതിരെ നടപടി എടുക്കുന്നതിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. മാത്രമല്ല, റെയ്ഡിനെത്തിയ എസ്.പി അവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ല. കുറഞ്ഞ സമയം മാത്രം പരിശോധന നടത്തി മടങ്ങുകയായിരുന്നു. എന്നാല്‍ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇത് വലിയ ഈഗോ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുകയായിരുന്നു. അദ്ദേഹത്തിന്റെ പരാതിപ്രകാരമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസില്‍ ഒളിച്ചിരിക്കുന്നതായ
വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.പി റെയ്ഡ് നടത്തിയത്. ഇക്കാര്യം റെയ്ഡിന് ശേഷം കോടതിയില്‍ നടത്തിയ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ദേശീയ പണിമുടക്ക് ദിനത്തില്‍ ബാങ്ക് ആക്രമിച്ച കേസിലെ പ്രതികളായ സി.പി.എമ്മുകാരെ കസ്റ്റഡിയിലെടുത്തതും ഒത്തുതീര്‍പ്പിന് തയാറാകാതിരുന്നതും ചൈത്രയെ സി.പി.എമ്മിന്റെ നോട്ടപ്പുള്ളയാക്കിയിരുന്നു.