Sorry, you need to enable JavaScript to visit this website.

നജീബ് കാന്തപുരത്തിന് എതിരെ കേസ്; പ്രതികാര നടപടിയെന്ന് യുത്ത് ലീഗ്

കോഴിക്കോട്- ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു. ടൗണ്‍ ജുമാമസ്ജിദിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക്  സെക്രട്ടറി എം.എം. ജിജേഷാണ് പരാതി നല്‍കിയത്.
 വര്‍ഗീയലഹള ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി 153 വകുപ്പും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമൂഹത്തിന് ശല്യമാവുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് കേരള പൊലീസ് ആക്ട് 120 ഒ വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍ അറിയിച്ചു.
അതേസമയം, നജീബിനെതിരായ കേസ് പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് നജീബിനെതിരായ കള്ളക്കേസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പള്ളിക്കുനേരെ നടന്ന ആക്രമണത്തില്‍ സി.പി.എമ്മിന് എന്തു പറയാനുണ്ട് എന്ന നജീബിന്റെ പോസ്റ്റില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പരാമര്‍ശവുമില്ല. ഇത് അക്രമ ആഹ്വാനമാണ് എന്ന് വ്യാഖ്യാനിച്ചാണ് കേസെടുത്തത്.

Latest News