മക്ക - പ്രമുഖ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വധിച്ച് പണവും കമ്പനിയിലെ കേബിളുകളും കവർന്നു രക്ഷപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ പൗരൻ റഹീം താജ് ഗുലാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അലി സാലിം ഇബ്രാഹിം യഹ്‌യ, അബ്ദുൽ ബാസിത് അബ്ദുസ്സമദ് ഗർസാൻ, യഹ്‌യ ആയിശ് മസ്ഊദ് ബഖീത്, യാസീൻ മുഹമ്മദ് അലി എന്നീ നാല് പേരുടെ വധശിക്ഷയാണ് മക്കയിൽ നടപ്പിലാക്കിയത്. പ്രതികൾ യെമൻ വംശജരാണ്. കൊലപാതകത്തിനും കവർച്ചക്കും ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നാലംഗ സംഘം വൈകാതെ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായി. കേസ് ഫയൽ പരിഗണിച്ച് ജനറൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും വിധി ശരിവെച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.