കോഴിക്കോട്- പലിശരഹിത ബിസിനസിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പോലീസ് പിടിയിലായ ഹീരാ ഗ്രൂപ്പ് ചെയർപേഴ്‌സൺ നൗഹീരാ ശൈഖ് നിക്ഷേപകരോട് കൂടുതൽ കടുത്ത നടപടികളിലേക്ക് പോയി ആശങ്കകളുണ്ടാക്കരുതെന്ന അഭ്യർഥനയുമായി വാട്‌സ്ആപ്പിലൂടെ രംഗത്തെത്തി.
മുഖ്യമായും മിഡിൽഈസ്റ്റ് അടക്കമുള്ള പ്രവാസി സമൂഹത്തിലെ നിക്ഷേപകരോടാണ് ഇവർക്കു വേണ്ടി ഇവരുടേതെന്ന് തോന്നിക്കുന്ന രൂപത്തിൽ രണ്ടു ദിവസമായി അഭ്യർഥന പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. എല്ലാവരെയും 'അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു' എന്ന് അഭിസംബോധന ചെയ്തു കൊണ്ടു തുടങ്ങുന്ന അഭ്യർഥനയിൽ യു.എ.ഇയിൽ താമസിക്കുന്നവർക്ക് ഏറെ അറിയുന്ന ഹീര ഗ്രൂപ്പ് സ്വർണ കയറ്റുമതി ഇറക്കുമതി വാണിജ്യമാണ് മുഖ്യമായും നടത്തുന്നതെന്ന് പറയുന്നു.
ഇവിടെ ഔദ്യോഗിക ലൈസൻസും ഓഫീസും ഉള്ള കമ്പനി നല്ല ലാഭത്തിൽ വാണിജ്യ രംഗത്ത് പുരോഗമിക്കുന്നതായി അഭ്യർഥനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഒരു സന്ദർഭത്തിൽ ഗൾഫ് മേഖലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടി താറുമാറാക്കുന്ന നീക്കങ്ങൾ ഉണ്ടാക്കരുതെന്നും ഇന്ത്യയിൽ ഇപ്പോൾ ജാമ്യം ലഭിച്ച നൗഹീരാ ശൈഖ് മാസങ്ങൾക്കുള്ളിൽ 'ഇൻഷാ അല്ലാഹ്' എല്ലാ കാര്യങ്ങളും പൂർവരീതിയിൽ തന്നെ എത്തിക്കുമെന്നും എല്ലാ നിക്ഷേപകരും ആവശ്യമായ സമയം നൽകണമെന്നും അഭ്യർഥിക്കുന്നുണ്ട്.
അതിനപ്പുറം വിരുദ്ധ കാര്യങ്ങൾക്കാണ് ശ്രമിക്കുന്നതെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുകയും വിഷയം പരിഹാരമില്ലാതെ വർഷങ്ങളോളം നീളുകയും ചെയ്യുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ഇതിനു ശേഷം തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന നിലക്കുള്ള, ഒരു വിശ്വാസി പറയുന്നതു പോലുള്ള വാചകങ്ങളാണ് അഭ്യർഥനയിലുള്ളത്, അതിങ്ങനെ: അല്ലാഹുവിനെ സാക്ഷി നിർത്തിക്കൊണ്ട് ഞാൻ പറയുകയാണ്. ആരും കഷ്ടപ്പെട്ടു നേടിയ പണം വൃഥാവിലാകില്ലെന്നും പടച്ചവനോട് പൊറുക്കലിനെ തേടുന്ന സകാത്തും സദഖയുമെല്ലാം ധാരാളം നൽകുന്നവരെ സംബന്ധിച്ചിടത്തോളം പ്രപഞ്ചനാഥനായ അല്ലാഹുവിനറിയാം ആരാണ് യഥാർഥ കുറ്റവാളിയെന്ന്. നിങ്ങളേവരുടെയും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നൗഹീരാ ശൈഖ് അഭ്യർഥന അവസാനിപ്പിക്കുന്നത്.