Sorry, you need to enable JavaScript to visit this website.

വീട്ടുജോലിക്കാരി പ്രസവിച്ചു, നവജാത ശിശുവിനെ തറയിലടിച്ചു കൊന്നു; അബുദബിയില്‍ സംഭവിച്ചത്

അബുദബി- പ്രസവിച്ച ശേഷം നവജാത ശിശുവിനെ ശുചിമുറിയില്‍ തറയിലടിച്ചു കൊലപ്പെടുത്തിയ കേസില്‍ എത്തിയോപ്പിയക്കാരിയായ വീട്ടു ജോലിക്കാരിക്കെതിരെ കൊലക്കുറ്റം ചുമത്തി. യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതിയാണ് ദാരുണ കൊല നടത്തിയത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിലുള്ള ആശങ്കയും ഭര്‍ത്താവിനോടുള്ള പ്രതികാരവുമായാണ് കൃത്യം ചെയ്തതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. പ്രസവമടുത്തതോടെ വീട്ടിലേക്കു മടങ്ങണമെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലം അദ്ദേഹം അതിന് അനുവദിച്ചില്ല. നിര്‍ബന്ധം പിടിച്ചതോടെ ഗര്‍ഭത്തില്‍ പങ്കില്ലെന്നും തന്നെ അറിയില്ലെന്നും പറഞ്ഞത് കൈയൊഴിഞ്ഞതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് യുവതി പറഞ്ഞു. യുഎഇയില്‍ ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്തുന്നതില്‍ ഭയവും ഉണ്ടായിരുന്നതായി യുവതി പോലീസിനോട് പറഞ്ഞിരുന്നു.

അറബ് കുടുംബം വീട്ടുജോലിക്കായി എടുക്കുമ്പോള്‍ ഗര്‍ഭമുള്ളതായി അവരറിയില്ലായിരുന്നു. പൂര്‍ണഗര്‍ഭിണിയായ ശേഷം ഒരു ദിവസം പുലര്‍ച്ചെ നാലു മണിയോടെയാണ് പ്രസവം നടന്നത്. ജോലി ചെയ്യുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ എടുത്ത് തറയിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബോധരഹിതയായി. രണ്ടു മണിക്കൂറിനു ശേഷമാണ് ഉണര്‍ന്നത്. ഉടന്‍ കുഞ്ഞിനെ എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് പുറത്തെ മാലിന്യകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ക്ലീനിങ് ജോലിക്കാരാണ് കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് യുവതി പിടിയിലായത്. കേസിലെ തുടര്‍ വിചാരണ കോടതി ഫെബ്രുവരിയിലേക്കു മാറ്റി.
 

Latest News