Sorry, you need to enable JavaScript to visit this website.

പോലീസുകാര്‍ക്ക് കയറി നിരങ്ങാന്‍ ഇത് സന്നിധാനമല്ല- ജയശങ്കര്‍

തിരുവനന്തപുരം- ആക്ടിവിസ്റ്റുകള്‍ക്കും പോലീസുകാര്‍ക്കും കയറി നിരങ്ങാന്‍ സി.പി.എം ഓഫീസ് ശബരിമല സന്നിധാനമല്ലെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ് അക്രമണം നടത്തിയ പ്രതികള്‍ക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന് ഡി.സി.പി ചൈത്രാ തെരേസ ജോണിനെ ചുമതലയില്‍നിന്നു മാറ്റിയതിനെ പരിഹസിച്ചാണ് ഫേയ്‌സ്ബുക്ക് കുറിപ്പ്. ചോരത്തിളപ്പിന്റെ കരുത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പ്രതികളെ പിടിക്കാമെന്ന് കരുതേണ്ടെന്നും അങ്ങനെ വിചാരിച്ചാല്‍ ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകും. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്.

ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ഓര്‍മകളും ഉണ്ട്.

എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല.

സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.
 

Latest News