കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉച്ചയോടെ കേരളത്തില്‍ എത്തും. ഉച്ചക്ക്് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. പിന്നീട് ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്ത് എത്തും പിന്നീട് അവിടെ നിന്നു റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെ പരിപാടിക്ക് എത്തും. ബി.പി.സി.എല്ലിലെ വിവിധ പദ്ധകിളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ബി.പി.സി.എല്ലില്‍ രണ്ട് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പിന്നീട് എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനവും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.
റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. 4.15 ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗം മടങ്ങും. അവിടെ നിന്ന് ദല്‍ഹിയിലേക്ക് തിരിക്കും.