Sorry, you need to enable JavaScript to visit this website.

അരുൺകുമാറിന്റെ സുന്ദരി കളിപ്പാട്ടമല്ല;  ശരിക്കും ഓട്ടോറിക്ഷ 

സുന്ദരി ഓട്ടോയുമായി അരുണും കുടുംബവും.

ഇടുക്കി- സോഷ്യൽ മീഡിയയിലും യൂട്യൂബിലുമടക്കം വൈറലായി സുന്ദരി ഓട്ടോയും ഒരച്ഛനും രണ്ട് മക്കളും. ചെറുപ്പം മുതൽ വാഹനങ്ങളോട് ഏറെ താൽപര്യമുള്ള തൊടുപുഴ മൂത്തേടത്തു പറമ്പിൽ അരുൺകുമാർ പുരുഷോത്തമൻ മക്കൾക്കു വേണ്ടി നിർമിച്ച കുട്ടി ഓട്ടോറിക്ഷയാണ് ഇപ്പോൾ താരം. 
മക്കൾക്കു വേണ്ടി പലവിധ കളിപ്പാട്ടങ്ങളും നിർമിച്ച് നൽകുന്നവരുണ്ട്. എന്നാൽ തന്നെപ്പോലെ തന്നെ വാഹനങ്ങളോട് ഏറെ പ്രിയമുള്ള മക്കളായ മാധവ് കൃഷ്ണനും യേശനി കൃഷ്ണനും അരുൺകുമാർ നിർമിച്ച് നൽകിയത് വണ്ടിയുടെ മാതൃകയല്ല. ശരിക്കും നിരത്തിലോടുന്ന ഒരു കുഞ്ഞൻ ഓട്ടോറിക്ഷ തന്നെയാണ്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സായ അരുൺകുമാർ ഏഴര മാസം കൊണ്ടാണ് മക്കൾക്ക് വേണ്ടി കുട്ടി ഓട്ടോറിക്ഷ നിർമിച്ച് നിരത്തിലിറക്കിയത്. ഡി റ്റൂ എച്ചിന്റെ ഡിഷും, ഗ്യാസ് അടുപ്പിന്റെ മുകൾ ഭാഗവും സൈക്കിളിന്റെ ചെയിനും സോക്കറ്റും അടക്കമുള്ളവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. 24 വാട്സിന്റെ ഡി.സി മോട്ടോർ വിത്ത് ഗിയറും 12 വാട്‌സിന്റെ രണ്ട് ബാറ്ററികളും ഉപയോഗിച്ചാണ് ഓട്ടോറിക്ഷയുടെ പ്രവർത്തനം. ഏഴര മാസം കൊണ്ടാണ് കുട്ടി ഓട്ടോറിക്ഷയുടെ നിർമാണം പൂർത്തിയാക്കി കുട്ടികൾക്ക് സമ്മാനിച്ചത്. 
ഇതിന് മുമ്പ് മകന്റെ ഒന്നാം പിറന്നാളിന് ജീപ്പും കൂടാതെ രണ്ട് വർഷം മുമ്പ് ബൈക്കും ഇദ്ദേഹം മക്കൾക്ക് നിർമിച്ച് നൽകിയിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ഏയ് ഓട്ടോയിലെ ഗാന രംഗത്തിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തിരിക്കുന്ന കുട്ടി ഓട്ടോറിക്ഷയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. അരുണിന്റെ ഭാര്യ ആര്യയും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെയും മറ്റും സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറു മാസത്തോളമായി അപകടത്തിൽ പരിക്ക് പറ്റി അരയ്ക്ക് താഴോട്ട് തളർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന് പരസഹായമില്ലാതെ സ്വന്തമായി നിയന്ത്രിച്ച് കൊണ്ടുപോകുവാൻ കഴിയുന്ന വീൽചെയറിന് സമാനമായ വാഹനം നിർമിച്ച് നൽകുകയെന്നതാണ് അരുണിന്റെ അടുത്ത ലക്ഷ്യം.

 

 

Latest News