ജിദ്ദ - ലോക പ്രശസ്ത അമേരിക്കൻ ഗായിക മരിയ കൈരി ഈ മാസം 31 ന് റാബിഗിൽ സംഗീത വിരുന്ന് അവതരിപ്പിക്കും. ആദ്യമായാണ് മരിയ കൈരി സൗദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. സൗദിയിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ ഗോൾഫ് ടൂർണമെന്റിന്റെ ഭാഗമായാണ് മരിയ കൈരിയുടെ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നത്. ജിദ്ദക്കു സമീപം റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ അടുത്ത വ്യാഴാഴ്ചയാണ് പരിപാടി. ഗോൾഫ് ടൂർണമെന്റിനിടെ ഡെച്ച് ഡാൻസ് ജോക്കി ടീസ്റ്റൊ, യെമനി-ഇമാറാത്തി ഗായിക ബൽഖീസ് ഫത്ഹി, ജമൈക്കൻ റാപ്പ് ഗായകൻ സീൻ പോൾ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.
സൗദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്ന പ്രശസ്തരായ അന്താരാഷ്ട്ര പ്രതിഭകളിൽ ഏറ്റവും അവസാനത്തെ ഗായികയാണ് മരിയ കൈരി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി തത്സമയ സംഗീത, വിനോദ പരിപാടികൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത ഗ്രൂപ്പ് ആയ ഇലുമിനേറ്റ് 2016 ഒക്‌ടോബറിൽ റിയാദിൽ സംഗീത, നൃത്ത വിരുന്ന് അവതരിപ്പിച്ചിരുന്നു. 2017 ജനുവരിയിൽ പ്രശസ്ത അറബ് ഗായകൻ മുഹമ്മദ് അബ്ദുവും മറ്റൊരു സൗദി ഗായകനായ റാബിഹ് സ്വഗറും ഇറാഖി-സൗദി ഗായകൻ മാജിദ് അൽമുഹന്ദിസും ജിദ്ദയിൽ ലൈവ് സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. ഏഴു വർഷത്തെ ഇടവേളക്കു ശേഷം ജിദ്ദയിൽ നടന്ന ആദ്യത്തെ ഓപ്പൺ സംഗീത പരിപാടിയായിരുന്നു അത്.
കഴിഞ്ഞ മാസം റിയാദിൽ അൽദിർഇയ ഇ-പ്രിക്‌സ് മത്സരത്തോടനുബന്ധിച്ച് പശ്ചാത്യ സംഗീത പ്രതിഭകളുടെ സംഗീത വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു. മരിയ കൈരിയും മറ്റു സംഗീത പ്രതിഭകളും പങ്കെടുക്കുന്ന സംഗീത വിരുന്നിന്റെ ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോറിൽ വിൽപനക്കുണ്ട്. ടിക്കറ്റിംഗ് ബോക്‌സ് ഓഫീസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും ടിക്കറ്റുകൾ ലഭ്യമാണ്.