Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇന്ത്യൻ പ്രവാസികൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ അംബാസഡർ അഹമ്മദ് ജാവേദ് പതാക ഉയർത്തിയപ്പോൾ. -ഫോട്ടോ ജലീൽ ആലപ്പുഴ
ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടിയിൽനിന്ന്.
റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ദേശീയ പതാക ഉയർത്തിയ ശേഷം കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽനിന്ന്.
ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയർത്തുന്നു.

സൗദിയിൽ ഇന്ത്യൻ പ്രവാസികൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിയാദ് ഇന്ത്യൻ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും അംബാസഡറും കോൺസുൽ ജനറലും പതാക ഉയർത്തി. റിയാദ്, ജിദ്ദ, ദമാം ഇന്ത്യൻ സ്‌കൂളുകളിൽ വർണാഭ പരിപാടികളുമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 

റിയാദ്- ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ അംബാസഡർ അഹമ്മദ് ജാവേദ് പതാകയുയർത്തി. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ ദേശീയ ഗാനം ആലപിച്ചു. 1500 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി പറഞ്ഞ അംബാസഡർ സൗദി അറേബ്യയുമായുള്ള സൗഹൃദത്തിന് ഇന്ത്യ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ബന്ധങ്ങളിലും ജനങ്ങൾക്കിടയിലെ ഇടപെടലുകളിലുമാണ് നമ്മുടെ പരമ്പരാഗത ബന്ധങ്ങളും പരസ്പര താത്പര്യങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും ഊർജരംഗത്ത് നാം പ്രാധാനമായി ആശ്രയിക്കുന്ന രാജ്യവുമാണ് സൗദി. 27 ലക്ഷം ഇന്ത്യക്കാർ ഇവിടെയുണ്ട്. സൗദി അറേബ്യയുടെ വികസന പ്രക്രിയയിൽ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ ഈ രാജ്യത്തെ ഭരണകൂടവും ജനങ്ങളും വിലമതിക്കുകയും അനുമോദിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം ഏറെ സന്തോഷദായകമാണ്- അംബാസഡർ പറഞ്ഞു.


ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. വ്യവസായം, ശാസ്ത്ര സാങ്കേതികം, ഐടി, സ്‌പേയ്‌സ് ടെക്‌നോളജി, മെഡിസിൻ, ജനങ്ങളുടെ ക്ഷേമം തുടങ്ങിയ മേഖലകളിൽ മഹത്തായ മുന്നേറ്റമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.ശേഷം ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.


ജിദ്ദ- ഇന്ത്യയുടെ 70 ാമത് റിപ്പബ്ലിക് ദിനാഘോഷം ജിദ്ദ  ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഡോ. മുഹമ്മദ് നൂറുൽ ഹസൻ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ്  ആലം, കോൺസൽമാരായ ആനന്ദ് കുമാർ, മോയിൻ അക്തർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കു പുറമെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എണ്ണൂറോളം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യന് സ്‌കൂളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം ചടങ്ങിന് മാറ്റു കൂട്ടി. പരിപാടികൾക്ക് സമാപനം കുറിച്ച് കോൺസൽ ജനറലും പത്‌നിയും കേക്ക് മുറിച്ചു. 


ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലും റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാക ഉയർത്തിയ ശേഷം പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. വൈവിധ്യങ്ങളിലെ ഏകത്വം പ്രകടമാക്കി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ചരിത്ര സ്മൃതികളും, കായിക പ്രകടനങ്ങളും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഉണർത്തുപാട്ടായി.

ഹയർ ബോർഡ് അംഗം ഡാനിഷ് ഗഫൂർ, പ്രിൻസിപ്പൽ നജീബ് ഖൈസ് തുടങ്ങിയവർ സംബന്ധിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


ദമാം -ഇന്റർനാഷണൽ സ്‌കൂളിൽ ഇന്ത്യയുടെ 70 ാമത് റിപ്പബ്ലിക്ദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് ദേശീയ പതാക ഉയർത്തി. ശേഷം സ്‌കൗട്ട് യൂണിറ്റുകളുടെ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ദമാമിലെ ഇന്ത്യൻ സമൂഹത്തിലെ പ്രധാന വ്യക്തികളോടൊപ്പം ഭരണ സമിതി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ റിപ്പബ്ലിക്ദിന സന്ദേശം പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാൻ വായിച്ചു. നയന സുന്ദരമായ കാഴ്ചകൾ ഒരുക്കി വിദ്യാർഥി-വിദ്യാർഥിനികൾ ഒരുക്കിയ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി. പ്രിൻസിപ്പൽ ഡോ. ഇ.കെ മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.   

Latest News