റിയാദ് - എണ്ണവിലയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും നേരിടുന്നതിന് സൗദി അറേബ്യ ഒരുക്കമാണെന്നും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ ഗൗനിക്കാതെ വികസന, പരിഷ്‌കരണ പദ്ധതികൾ തുടരുന്നതിന് രാജ്യം ശ്രമിച്ചുവരികയാണെന്നും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ബ്ലൂംബെർഗ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. വർഷങ്ങളായി എണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്. സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടുകളിൽ സൗദി അറേബ്യക്ക് സംതൃപ്തിയുണ്ട്. ആഗോള എണ്ണ വിപണിയിലെ സ്ഥിരതയാണ് സൗദി ലക്ഷ്യമിടുന്നത്. എണ്ണ വിപണിയിൽ ആവശ്യവും ലഭ്യതയും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്താൻ ഒപെക് രാജ്യങ്ങളുമായി ചേർന്ന് രാജ്യം പ്രവർത്തിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സൗദി അറേബ്യ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന് ശ്രമിച്ചുവരികയാണ്. നാലു വർഷത്തിനിടെ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി മികച്ചതാണ്. സൗദിയിൽ നടക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളിൽ അന്താരാഷ്ട്ര നാണയനിധിക്ക് വിശ്വാസമുണ്ട്. സാമ്പത്തിക വളർച്ചക്കും സ്വകാര്യ മേഖലക്കും പിന്തുണ നൽകുന്നത് സൗദി അറേബ്യ തുടരും.
ഈ വർഷം സൗദി അറേബ്യ 2.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. വരുമാനം വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും പരിഷ്‌കരണങ്ങളിലും സബ്‌സിഡി സംവിധാനം പുനഃസംഘടിപ്പിക്കുന്നതിലും വിഷൻ 2030 പദ്ധതി വിജയിച്ചിട്ടുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥ ശക്തമാണ്. സൗദിയിലേക്ക് വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽകുന്നതിനും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ, ലോജിസ്റ്റിക് സേവന മേഖലയിൽ ഏതാനും പുതിയ പദ്ധതികൾ അടുത്തവാരം പ്രഖ്യാപിക്കും.
സൗദി അറേബ്യക്ക് അനുയോജ്യമായ എണ്ണ നിരക്കിനെ കുറിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന് ധനമന്ത്രി വിസമ്മതിച്ചു. അമ്പതു വർഷത്തിലധികമായി ഭൂരിഭാഗം കാലത്തും എണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. വർഷങ്ങളായി ആഗോള എണ്ണ വിപണിയിൽ സൗദി അറേബ്യക്ക് വലിയ സ്ഥാനമുണ്ട്. നിലവിലെ എണ്ണ വിലയിൽ സൗദി അറേബ്യ സംതൃപ്തമാണ്.
ഭീമമായ തോതിൽ കടം ഉയർന്ന പശ്ചാത്തലത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് ലെബനോന് സഹായവും പിന്തുണയും നൽകുന്നതിന് സൗദി ഒരുക്കമാണെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമം വിജയിച്ചതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 28,700 കോടി റിയാലായി ഉയരുകയും ബജറ്റ് കമ്മി 13,600 കോടി റിയാലായി കുറയുകയും ചെയ്തു. ഈ വർഷം ബജറ്റ് കമ്മി 13,100 കോടി റിയാലായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കമ്പനികളും സ്ഥാപനങ്ങളും മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന്റെയും സ്വകാര്യവൽക്കരണം അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും ഫലമായി ഈ വർഷം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 31,300 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.