തിരുവനന്തപുരം- സാധാരണ ജീവിതത്തെ ബാധിക്കുന്ന അക്രമ പ്രതിഷേധങ്ങളും നിരന്തര ഹര്‍ത്താലുകളും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഹര്‍ത്താലുകളും അക്രമസമരങ്ങളും ആവശ്യമാണോയെന്ന് നമ്മള്‍ ആത്മപരിശോധനനടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
70 ാമത് റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പുനര്‍നിര്‍മാണപ്രവൃത്തികളുടെ മുന്‍ഗണനകളില്‍ സങ്കുചിതരാഷ്ട്രീയം കടന്നുവരരുത്. ഇതിനായി ആത്മാര്‍ഥമായ രാഷ്ട്രീയ ഐക്യമാണ് വേണ്ടത്.അനാവശ്യ വിവാദങ്ങളല്ല ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കേരള പുനര്‍നിര്‍മാണത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം കേരളവും പുരോഗതി നേടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തോട് അടുക്കുന്നു, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് ഏപ്രിലോടെ യാഥാര്‍ഥ്യമാകുന്നു തുടങ്ങിയ ഇതിനുള്ള അടയാളങ്ങളാണ്. ജലപാതകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാകാനുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കൂടുതല്‍ ആഗോള കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ എത്തി.
ജെന്‍ഡര്‍ ബജറ്റിംഗ്, ട്രാന്‍സ്ജെന്‍ഡര്‍ നയം, ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്, ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ഇടപെടലുകള്‍ എന്നിവ ദേശവ്യാപക അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. മാനവശേഷി വികസനത്തിലും ലോകശ്രദ്ധനേടുന്നതിലും മികച്ച ഭാവിയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് ഗവര്‍ണര്‍ എന്ന നിലയിലെ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികള്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാവിലെ 8.30 ന് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയപ്പോള്‍ വ്യോമസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി.