ജിദ്ദ - നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്നതായി പരാതി. ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതിന് പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളിലൂടെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടക്കുന്ന സംവിധാനം കേടുവരുത്തുകയാണ് സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഉപകരണങ്ങളില്‍ സാങ്കേതിക തകരാറുള്ളതായി ഉപയോക്താക്കള്‍ക്ക് തോന്നുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്.
സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലോ കാഷ്യര്‍ക്കു സമീപമോ ക്രെഡിറ്റ് കാര്‍ഡുകളുടെ എംബ്ലങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടക്കുന്നത് നിരസിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലോ കാഷ്യര്‍ക്കു സമീപമോ ക്രെഡിറ്റ് കാര്‍ഡുകളുടെ എംബ്ലങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടും ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉടനടി പിഴ ചുമത്തും. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലോ കാഷ്യര്‍ക്കു സമീപമോ ക്രെഡിറ്റ് കാര്‍ഡുകളുടെ എംബ്ലങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരല്ല.
ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ പരാതികള്‍ നല്‍കണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.