ജിദ്ദ - വിസ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ കുറവ്. അഞ്ചു മാസം മുമ്പ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 2,332 തീര്‍ഥാടര്‍ മാത്രമാണ് വിസ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങിയത്. ആകെ തീര്‍ഥാടകരില്‍ നിയമലംഘകര്‍ 0.09 ശതമാനം മാത്രമാണ്.
ഹജ്, ഉംറ മന്ത്രാലയം കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിയതാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ കുറയുന്നതിന് സഹായിച്ചത്. വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത ഉംറ തീര്‍ഥാടകരെ കുറിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ ഉടനടി ഹജ്, ഉംറ മന്ത്രാലയത്തിലും ജവാസാത്ത് ഡയറക്ടറേറ്റിലും റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഇറങ്ങുന്ന തീര്‍ഥാടകര്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലെത്തുന്നതിന് വൈകുന്ന പക്ഷം അക്കാര്യം പന്ത്രണ്ടു മണിക്കൂറിനകം സര്‍വീസ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. ഓരോ സര്‍വീസ് കമ്പനികള്‍ക്കും കീഴില്‍ ഉംറക്കെത്തുന്ന തീര്‍ഥാടകരില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം നിശ്ചിത ശതമാനമായി ഉയരുന്ന പക്ഷം അത്തരം സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം പുതിയ വിസകള്‍ അനുവദിക്കില്ല.
ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 32,70,164 വിസകളാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 27,91,438 തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. 23,41,668 പേര്‍ തീര്‍ഥാടന കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. നിലവില്‍ പുണ്യഭൂമിയില്‍ 4,49,770 തീര്‍ഥാടകരാണുള്ളത്. ഇക്കൂട്ടത്തില്‍ 3,21,006 പേര്‍ മക്കയിലും 1,28,764 പേര്‍ മദീനയിലുമാണ്. തീര്‍ഥാടകരില്‍ 24,78,416 പേര്‍ വിമാന മാര്‍ഗവും 18,450 പേര്‍ കപ്പല്‍ മാര്‍ഗവും 2,94,572 പേര്‍ കര മാര്‍ഗവുമാണ് രാജ്യത്ത് എത്തിയതെന്നും ഹജ്, ഉംറ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.