അബഹ - അസീര്‍ പ്രവിശ്യയിലെ അല്‍ഫര്‍ആയില്‍ നിന്ന് ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ, മാനസിക തകരാറുള്ള പതിനാലുകാരിക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. സമീപ കാലത്താണ് മകള്‍ അസീസക്ക് മാനസിക രോഗം ബാധിച്ചതെന്ന് പിതാവ് അലി സാലിം പറഞ്ഞു. മകളെ കാണാതായതിനെ തുടര്‍ന്ന് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മകളെക്കുറിച്ച വിവരങ്ങള്‍ മറ്റു പോലീസ് സ്റ്റേഷനുകള്‍ക്കും ചെക്ക് പോയിന്റുകള്‍ക്കും മറ്റും കൈമാറിയിട്ടുണ്ട്. സുരക്ഷാ വകുപ്പുകളും നാട്ടുകാരും ഊര്‍ജിതമായ അന്വേഷണം നടത്തിയിട്ടും ഇതുവരെ മകളെ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ലെന്ന് അലി സാലിം പറഞ്ഞു. വീടിനു സമീപത്തെ അല്‍ഫര്‍ആ ഇന്റര്‍മീഡിയറ്റ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അസീസ അലി സാലിം. മകളെക്കുറിച്ച് വിവരം അറിയുന്നവര്‍ 0507511470 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കുടുംബാംഗങ്ങളെയോ സുരക്ഷാ വകുപ്പുകളെയോ അറിയിക്കണമെന്ന് മാതാവ് അഭ്യര്‍ഥിച്ചു.