തിരുവനന്തപുരം- സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡി.സി.പിയെ മണിക്കൂറുകള്‍ക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്.പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡി.സി.പി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പൊലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാനായിരുന്നു റെയ്ഡ്.
ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ സംഘം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. റെയ്ഡിന് ആദ്യം വിസമ്മതിച്ചെങ്കിലും ഡിസിപി ഉറച്ച ിലപാട് എടുത്തതോടെ നേതാക്കള്‍ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.