Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽനിന്ന് ഉഡാൻ സർവീസുകൾ തുടങ്ങി

കണ്ണൂർ - രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഉഡാൻ സർവീസിനു തുടക്കമായി. ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളലേക്കാണ് ഇൻഡിഗോ എയർ ലൈൻസിന്റെ പ്രതിദിന സർവീസുകൾ ആരംഭിച്ചത്. 
ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനാവുമെന്നതാണ് ഉഡാൻ സർവീസുകളുടെ പ്രത്യേകത. 
പ്രവർത്തനമാരംഭിച്ച് രണ്ടു മാസം പിന്നിടുന്നതിനു മുമ്പേയാണ് ഈ സർവീസുകൾക്കു തുടക്കമാവുന്നതെന്നതും ശ്രദ്ധേയമാണ്. ഉഡാൻ ആദ്യ സർവീസ് കിയാൽ എം.ഡി വി. തുളസീ ദാസ്, സി.ഇ.ഒ ഉത്പൽ ബറുവ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 
74 പേർക്ക് ഇരിക്കാവുന്ന എ.ടി7 വിമാനങ്ങളാണ് ഈ സർവീസുകൾക്ക് ഉപയോഗിക്കുന്നത്. പകുതി സീറ്റുകളാണ് ഉഡാൻ നിരക്കിൽ ലഭ്യമാവുക. ഹൈദരാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ഉച്ചക്കു തിരികെയത്തിയ വിമാനം തുടർന്ന് ചെന്നൈയിലേക്കു പറന്നു. പിന്നീട് ഹുബ്ലിയിലേക്കും തിരികെയെത്തി ബംഗളൂരുലേക്കും രാത്രി പത്തു മണിക്കു ഗോവയിലേക്കുമാണ് സർവീസ് നടത്തിയത്. ഹൈദരാബാദിലേക്കു 2599 രൂപ മുതലും ചെന്നൈയിലേക്ക് 2500 രൂപ മുതലും ബംഗളൂരുവിലേക്ക് 1799 രൂപ മുതലും ഹുബ്ലിയിലേക്ക് 1999 രൂപ മുതലും ഗോവയിലേക്ക് 1299 രൂപ മുതലുമാണ് നിരക്ക്.  
ഉഡാൻ സർവീസ് വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവു നൽകിയതിനെത്തുടർന്നാണ് കിയാൽ ഈ സർവീസുകൾ ആരംഭിക്കാൻ തയാറായത്. ഉഡാൻ സർവീസുകൾ നടത്തുന്ന വിമാനത്താവളങ്ങളിൽ മൂന്നു വർഷത്തേക്കു രാജ്യാന്തര സർവീസുകൾ അനുവദിക്കില്ലെന്ന വ്യവസ്ഥയാണ് ഇളവു ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തെയും വാണിജ്യ സാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ വ്യവസ്ഥ ഇളവു ചെയ്യാൻ അധികൃതർ സന്നദ്ധമായത്. കണ്ണൂരിൽനിന്നു നേരത്തെ ഗോ എയർ ആഭ്യന്തര സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും അത് ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നില്ല. 
ഗോ എയർ, ഇൻഡിഗോ കമ്പനികൾ രാജ്യാന്തര സർവീസുകൾ മാർച്ച് മാസത്തോടെ കണ്ണൂരിൽനിന്നു ആരംഭിക്കും. ഇൻഡിഗോ കുവൈത്ത്, ദോഹ എന്നിവിടങ്ങൡലക്കും ഗോ എയർ മസ്‌കത്, ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു. മാർച്ച് 15 മുതൽ ആഴ്ചയിൽ 6 ദിവസം വീതമാണ് സർവീസ്. ദൽഹി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
 

Latest News