കൊണ്ടോട്ടി - ഈ വർഷത്തെ മുഴുവൻ ഹജ് സർവീസുകളും നടത്താൻ ടെൻഡർ ലഭിച്ച എയർ ഇന്ത്യക്ക് ആവശ്യത്തിന് വിമാനങ്ങളില്ല. സർവീസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട സൗദി എയർലൈൻസും കൈമലർത്തിയതോടെ കരിപ്പൂർ ഉൾപ്പെടെ മൂന്നിലൊന്ന് ഹജ് എംബാർക്കേഷൻ പോയിന്റുകളിൽനിന്നും റീ-ടെൻഡറിന് സാധ്യതയേറി.
രാജ്യത്തെ മുഴുവൻ ഹജ് എംബാർക്കേഷൻ പോയിന്റുകളിൽനിന്നും നേരിട്ട് സർവീസ് നടത്താൻ ഈ വർഷം ടെൻഡർ ലഭിച്ചത് എയർഇന്ത്യക്കാണ്. ഹജ് ടെൻഡറിൽ എയർ ഇന്ത്യ കുറഞ്ഞ നിരക്ക് നൽകിയതാണ് സൗദി എയർലൈൻസ് ഉൾപ്പടെയുളള വിമാനങ്ങൾക്ക് ഈ വർഷം അനുമതി ലഭിക്കാതിരുന്നതിന് കാരണം. മുൻവർഷങ്ങളിൽ സൗദി എയർലൈൻസും എയർ ഇന്ത്യയും സംയുക്തമായിട്ടായിരുന്നു തീർഥാടകരെ കൊണ്ടുപോയിരുന്നത്.
പതിവ് യാത്രാ വിമാനങ്ങളില്ലാത്തതിനാൽ എയർ ഇന്ത്യയുടെ ഹജ് സർവീസുകൾ വർഷങ്ങളായി പോർച്ചുഗീസ് കമ്പനിയായ യൂറോ അത്‌ലാൻഡിക്കിനാണ് നൽകുന്നത്. എയർ ഇന്ത്യയുടെ സീറ്റുകൾ വൈറ്റ് ലീസായാണ് വാടകക്ക് എടുക്കുന്നത്. എയർക്രാഫ്റ്റ്, ക്രൂ, മെയിന്റനൻസ്, ഇൻഷൂറൻസ്(എ.സി.എം.ഐ)എന്നിവ പൂർണ്ണമായും ഏറ്റെടുത്താണ് നടത്തുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിലെ 1,25,025 യാത്രക്കാരെ കൊണ്ടുപോകാനുള്ള വിമാനങ്ങൾ വാടകക്ക് ലഭ്യമാക്കാൻ എയർ ഇന്ത്യക്കായില്ല. ആയതിനാൽ രാജ്യത്തെ 21 ഹജ് എംബാർക്കേഷൻ പോയിന്റുകളിൽ കരിപ്പൂർ ഉൾപ്പടെ മൂന്നിലൊന്ന് സ്ഥലങ്ങളിൽനിന്ന് സൗദി എയർലൈൻസിനോട് സർവീസ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു. എയർ ഇന്ത്യ ടെൻഡർ നൽകിയ തുകക്ക് ഹജ് സർവീസ് നടത്താൻ സൗദി വിസമ്മതിച്ചതോടെ വീണ്ടും ടെൻഡർ നടപടികളിലേക്ക് നീങ്ങാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. എയർ ഇന്ത്യ പിന്മാറുന്ന എംബാർക്കേഷൻ പോയിന്റുകളിലെ ടെൻഡറിൽ സൗദി ഉൾപ്പടെ മറ്റു വിമാന കമ്പനികളുടെ ടെൻഡർ പരിഗണിക്കുകയോ, റീ ടെൻഡർ ക്ഷണിക്കുകയോ ചെയ്യും.
ഡിസംബർ 24 മുതൽ ജനുവരി 16വരെയാണ് രാജ്യത്തെ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ് സർവീസിന് വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരുന്നത്. ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കുന്നതിനുളള അവസരം നൽകിയത്. ജൂലൈ നാല് മുതലാണ് ഹജ് സർവീസുകൾ ആരംഭിക്കുന്നത്.