Sorry, you need to enable JavaScript to visit this website.

യൂസുഫ് ഇനിയും പന്തുരുട്ടും, കോച്ചിന്റെ വൃക്കയുമായി

വൃക്കദാനം നൽകിയ പരിശീലകൻ ഫഹദ് അൽഗർബി ജുബ്ബ യൂത്ത് ടീം അംഗം യൂസുഫ് അൽഅസ്‌ലമിയോടൊപ്പം. 

ഹായിൽ - പ്രതിഭാ സ്പർശമുള്ള ഒരു കളിക്കാരനെ നഷ്ടമാകുന്നത് ഫുട്‌ബോളിനെ ജീവനക്കാളേറെ സ്‌നേഹിക്കുന്ന ഒരു പരിശീലകനും ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ ഹായിൽ ജുബ്ബ ക്ലബ്ബ് യൂത്ത് വിംഗ് പരിശീലകൻ ക്യാപ്റ്റൻ ഫഹദ് അൽഗർബി ഇതിനുവേണ്ടി ചെയ്തത് അധികമാർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യം. വൃക്കരോഗബാധിതനായി കിടപ്പിലായ യൂസുഫ് അൽഅസ്‌ലമിക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നൽകിയാണ് ഈ കോച്ച് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായത്.
ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന യൂസുഫ് ദീർഘനാളായി പരിശീലനത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വൃക്കരോഗം തളർത്തിയ കാര്യം കോച്ച് മനസ്സിലാക്കുന്നത്. താരത്തെ വീട്ടിൽ സന്ദർശിച്ച ഫഹദ് അൽഗർബി ആശ്വസിപ്പിച്ചതിനുശേഷം നേരെ റിയാദിലേക്ക് തിരിച്ച് രഹസ്യമായി മെഡിക്കൽ പരിശോധനക്ക് വിധേയനായി. തന്റെ വൃക്കകളിലൊന്ന് നൽകുന്നതിന് ഫലം അനുകൂലമെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ശസ്ത്രക്രിയ നടക്കുന്നതിന് അൽപം മുമ്പ് മാത്രമാണ് തനിക്ക് പുതുജീവിതം നൽകുന്നതിന് നിമിത്തമാകുന്നത് പ്രിയപ്പെട്ട പരിശീലകൻ ആണെന്ന് യൂസുഫ് അൽഅസ്‌ലമി  മനസ്സിലാക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഫഹദ് അൽഗർബി രോഗം കൊണ്ട് വലയുന്ന മുഴുവൻ പേർക്കും സമാശ്വാസം ലഭിക്കുന്നതിന് പ്രാർഥിച്ച് കൊണ്ട് ചെയ്ത ട്വീറ്റ് വൈറലായിരുന്നു. 
ഈ സീസണിലാണ് ഫഹദ് അൽഗർബി ജുബ്ബ യൂത്ത് ടീം പരിശീലകനായി കരാർ ഒപ്പുവെച്ചത്. മനുഷ്യത്വം അന്യമായി കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ മാനവിക സ്‌നേഹത്തിന്റെ വേറിട്ട മുഖമായി മാറിയ ഈ പരിശീലകനെ സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് അബ്ദുൽഅസീസ് ബിൻ തുർക്കി അൽഫൈസൽ പ്രത്യേകം അഭിനന്ദിച്ചു. 

 

 

Latest News