- പുത്തൻ താരോദയമായി ഷംസുദ്ദീൻ മഞ്ചേരി
ജിദ്ദ - ഒമാനിൽ നടന്ന ഐ.സി.സി വെസ്റ്റേൺ റീജിയൻ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഖത്തറിനെ മറികടന്ന് സൗദി അറേബ്യ ജേതാക്കൾ. ദേശീയ ടീമിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനായ ഷംസുദ്ദീൻ മഞ്ചേരിയുടെ മാസ്മരിക പ്രകടനമാണ് സൗദിക്ക് കിരീടനേട്ടം സമ്മാനിച്ചത്.
ആറ് കൂറ്റൻ സിക്‌സുകളുടെയും എട്ട് ബൗണ്ടറികളുടെയും സഹായത്തിൽ 48 പന്തുകൾ നേരിട്ട് ഷംസുദ്ദീൻ 88 റൺസ് നേടി. ഷംസുവാണ് ഫൈനലിലെ മികച്ച താരം. ബഹ്റൈൻ, കുവൈത്ത്, മാൽദ്വീവ്‌സ് എന്നീ രാഷ്ട്രങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു മൂന്ന് ടീമുകൾ. ഐ.സി.സി ട്വന്റി 20 പദവി ലഭിച്ചതിനു ശേഷം നടന്ന ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടിയത് സൗദി അറേബ്യക്ക് വൻ നേട്ടമായി.
സൗദി ക്രിക്കറ്റ് സെന്ററിന് കീഴിലെ വെസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഷംസുദ്ദീനെ സൗദി ടീമിലെത്താൻ തുണച്ചത്.
സൗദിയിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബ്ബായ കേരളാ നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായിരുന്ന ഷംസുദ്ദീൻ ഒരു ഡബിൾ സെഞ്ചുറിയും മൂന്ന് സെഞ്ചുറിയുമടക്കം ഒരു സീസണിൽ എഴുന്നൂറിലധികം റൺസുകൾ വാരിക്കൂട്ടിയിരുന്നു. രണ്ട് തവണ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ഷംസു തെരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം മുതൽ ക്രിക്കറ്റിനെ അതിയായി സ്‌നേഹിച്ച ഷംസുവിന്റെ ഒരു ചിരകാല സ്വപ്‌നമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഈ അരങ്ങേറ്റം. നാടും നാട്ടുകാരെയും വിട്ട് മരുഭൂമിയിലേക്ക് വിമാനം കയറുമ്പോൾ കളി എന്നത് ഒരു സ്വപ്‌നം മാത്രമാകുമെന്നാണ് ഷംസു പ്രതീക്ഷിച്ചത്. എന്നാൽ കേരള നൈറ്റ് റൈഡേഴ്സ് ഷംസുവിനു അവസരങ്ങളുടെ വാതായനം തുറന്നിടുകയായിരുന്നു. ഒരു സാധാരണ കളിക്കാരനായി ടീമിലിടം നേടിയ ഷംസു കഠിന പ്രയത്‌നം കൊണ്ടും സഹകളിക്കാരുടെ ആത്മാർത്ഥ സഹകരണം കൊണ്ടും ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുയർന്നു.
ഹൗസ് ഡ്രൈവർ, സെയിൽസ്മാൻ അങ്ങനെ പല ജോലികളും തന്മയത്വത്തോടെ ചെയ്തെങ്കിലും ഷംസുവിന് ക്രിക്കറ്റ് ഒരു വികാരമായിരുന്നു. പ്രവാസത്തിന്റെ പിരിമുറുക്കത്തിലും ക്രിക്കറ്റ് മോഹം ഉപേക്ഷിക്കാൻ ഷംസു തയാറായില്ല. മികച്ച പ്രകടനത്തോടെ ഇന്ത്യൻ കായിക പ്രേമികൾക്കും പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് എങ്കലാംപുറത്ത് അബ്ദുല്ല?-മറിയ ദമ്പതികളുടെ മൂത്തമകൻ സ്വന്തമാക്കിയത്.