സാമൂഹിക തലത്തിലെന്ന പോലെ സാമ്പത്തിക തലത്തിലും സ്ത്രീകൾക്ക് തുല്യത ഉറപ്പു വരുത്തുന്നതിനുള്ള വിപ്ലവാത്മക പരിഷ്‌കരണ നടപടികളാണ് സൗദി അറേബ്യയിൽ നടന്നു വരുന്നത്. സ്ത്രീകളോട് വിവേചനം കാണിക്കുന്ന രാജ്യമാണ് സൗദി അറേബ്യ എന്ന ആരോപണം എക്കാലവും രാജ്യം നേരിട്ടിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് ഒരു അടിസ്ഥാാനവുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് ആദരവും ബഹുമാനവും നൽകുന്നതിൽ വികസിത രാജ്യങ്ങളേക്കാൾ മുൻപന്തിയിലായിരുന്നു സൗദി അറേബ്യയെങ്കിലും വനിതകളുടെ പൊതുരംഗത്തുള്ള അസാന്നിധ്യം ഇതിന്റെ നിറം കെടുത്തിയിരുന്നു.
2018 ജൂൺ 24 ന് വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതോടെ ഇക്കാര്യത്തിൽ കാതലായ മാറ്റമാണ് ഉണ്ടായത്. ഇതിനായി 2017 സെപ്റ്റംബർ 26 ന് വാഹന ഗതാഗത നിയമ ഭേദഗതി കൊണ്ടുവരികയായിരുന്നു. വാഹനം ഓടിക്കാനുള്ള സ്ത്രീകളുടെ ദീർഘകാലമായുള്ള ആവശ്യം അംഗീകരിച്ചായിരുന്നു ചരിത്രത്തിൽ സ്ഥാനം പിടിച്ച നിയമ ഭേദഗതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പച്ചക്കൊടി കാണിച്ചത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്റെ സമഗ്ര മാറ്റം ലക്ഷ്യമിടുന്ന വിഷൻ 2030 അവതരിപ്പിക്കുക കൂടി ചെയ്തതോടെ എല്ലാ രംഗത്തും വനിതാ സാന്നിധ്യവും പങ്കാളിത്തവും കൂടുതൽ പ്രകടമാകാൻ തുടങ്ങി. സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചും ശൂറാ കൗൺസിൽ ഉൾപ്പെടെയുള്ള ജനപ്രാതിനിധ്യ സഭകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ചും തൊഴിലിടങ്ങൾ വനിതകൾക്കായി മലർക്കെ തുറന്നിട്ടും താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകളെ പ്രതിഷ്ഠിച്ചും വനിതാ ശാക്തീകരണ വിപ്ലവം തുടരുകയായിരുന്നു.
സൗദിയുടെ വികസനത്തിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുകയെന്നത് വിഷൻ 2030 വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിൽ പ്രധാനമാണ്. ഇതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സമത്വവും ഉറപ്പാക്കി വരികയാണ്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ വനിതാ ശാക്തീകരണ നിയമം ഇതിന്റെ തുടർച്ചയാണ്. പുതിയ നിയമത്തിലൂടെ 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന നയം നടപ്പാക്കിയതോടെ ജോലിയെന്നല്ല കൂലിയിലും വിവേചനം പാടില്ലെന്നായിരിക്കുന്നു. ഇനി മുതൽ വേതന വിതരണത്തിൽ സ്ത്രീകളോട് വിവേചനം അനുവദിക്കില്ല. ഇത് വനിതകളുടെ വരുമാനത്തിൽ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തിനും കരുത്തേകും. പുരുഷ ജീവനക്കാരുടേതിന് തുല്യമായ വേതനം ഇനി വനിതകൾക്കും ലഭിക്കും. ഇത് തൊഴിൽ വിപണിയെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
തൊഴിൽ സാമൂഹിക വികസന മന്ത്രാലയം തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹാർദമാക്കുന്നതിന് പ്രഖ്യാപിച്ച പരിഷ്‌കരിച്ച നിയമാവലിയിൽ ഒട്ടേറെ പരിഷ്‌കരണ നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് തൊഴിലുടമകളെ നിയമം നിഷ്‌കർഷിക്കുന്നു.
വ്യവസായ ശാലകളിലൊഴികെ മറ്റുള്ള സ്ഥാപനങ്ങളിലെ സ്ത്രീകളുടെ ജോലി സമയം പരമാവധി രാത്രി 11 മണി വരെയായി നിജപ്പെടുത്തി. വ്യവസായ മേഖലയിൽ വൈകിട്ട് ആറ് മണി വരെയാണ് സമയം. അതിനുശേഷം വനിതകളെ ജോലിക്കു നിയോഗിക്കരുത്. ആശുപത്രികളും അതുപോലെ 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ട സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള കാര്യാലയങ്ങളിലും ഇക്കാര്യത്തിൽ ഇളവുണ്ട്. ഇവിടങ്ങളിൽ രാത്രി സമയത്ത് ജോലി ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ വനിതകൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് വ്യവസ്ഥ. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം വിശ്രമ സ്ഥലം, നമസ്‌കാര സ്ഥലം, ടോയ്‌ലറ്റ്, പ്രത്യേക കൗണ്ടറുകൾ, തൊഴിൽ പരിശീലന സ്ഥലം തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കണം. കഠിനമായ ജോലികളിൽ നിന്ന് വനിതകളെ ഒഴിവാക്കണമെന്നും നിയമം നിഷ്‌കർഷിക്കുന്നു. അപകടങ്ങൾക്ക് സാധ്യതയുള്ള മേഖലകളിൽനിന്ന് വനിതാ തൊഴിലാളികളെ ഒഴിച്ചു നിർത്തണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. പുരുഷൻമാർ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ കൂട്ടിന് മറ്റൊരു സ്ത്രീ ഇല്ലാതെ വനിതകളെ ഒറ്റക്കാക്കുന്ന സാഹചര്യം പാടില്ലെന്നും പുരുഷൻമാർക്ക് മാത്രം നിശ്ചയിക്കപ്പെട്ട മേഖലകളിൽ സ്ത്രീകളെ നിയമിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് അനുയോജ്യമായ പുതിയ മേഖലകൾ തുടങ്ങുന്നതിനു പുറമെ, അവർക്ക് സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനും പുതിയ നിയമം സഹായിക്കും.
ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതോടു കൂടി തന്നെ തൊഴിൽ രംഗത്തും സാമൂഹിക തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വളരെയേറെ ഉയർന്നിട്ടുണ്ട്. അതോടൊപ്പം സ്വദേശിവൽക്കരണ തോത് ഉയർത്തുകയും അതിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തതും ഇതിന് അനുഗുണമായി.
വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലൊന്ന് തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ്. 2016 ൽ തൊഴിൽ രംഗത്ത് സ്ത്രീ പങ്കാളിത്തം 22 ശതമാനം ആയിരുന്നത് 2030 ഓടെ 30 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനായാണ് നിയമങ്ങളിലും സാഹചര്യങ്ങളിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. സ്ഥിര ജോലിക്കു പുറമെ ഫ്രീലാൻസ്, പാർട്ട് ടൈം, വർക്കിംഗ് വിമൻസ് ചിൽഡ്രൻ ഹോസ്പിറ്റാലിറ്റി പ്രോഗ്രാം തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലേക്ക് അനായാസം അടുക്കാനാവുമെന്നതിൽ സംശയമില്ല. ഇത് രാജ്യത്തിന്റെ മുഖഛായയിൽ മാറ്റമുണ്ടാക്കും.