കൊച്ചി - മൂന്നു വയസ്സുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. കലൂർ വൈലോപ്പിള്ളി റോഡിലെ ആശ്രമം ലെയ്‌നിലുള്ള വസതിയിൽ കഴിഞ്ഞ 14 നു രാത്രിയിൽ മകന്റെ കുഞ്ഞിനെ ജഡ്ജി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ജഡ്ജിക്കെതിരെ പോക്‌സോ നിയമത്തിലെ 7, 8 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് പോലീസ് എഫ്.ഐ.ആറിൽ പ്രതിയുടെ പേരെഴുതേണ്ട കോളത്തിൽ 'ഇരയുടെ മുത്തച്ഛൻ (59 വയസ്)' എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയാകുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുന്നതാണ് പോലീസിന്റെ രീതി. എന്നാൽ ഹൈക്കോടതി ജഡ്ജി ആയതുകൊണ്ട് പോലീസ് ആശയക്കുഴപ്പത്തിലാണ്. തുടർ നടപടി സംബന്ധിച്ച് പോലീസ് അഡ്വക്കറ്റ് ജനറലിന്റെ അനുമതി തേടിയതായാണ് സൂചന.
ആരോപണ വിധേയനായ ജഡ്ജി തികഞ്ഞ മാന്യനും ശാന്തനും സത്യസന്ധനുമായാണ് നിയമ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം 2018 മാർച്ച് 18 നാണ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. 2016 മുതൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായിരുന്നു.
എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടറുടെ ഇടപെടലാണ് വീട്ടുകാർ മൂടിവെക്കാൻ ശ്രമിച്ച പീഡനം പോലീസ് കേസാകാൻ കാരണം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മകളെയും കൊണ്ട് മാതാപിതാക്കൾ കഴിഞ്ഞ 14 നു രാത്രി ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണ് ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയത്. മാതാപിതാക്കളോട് പോലീസിൽ പരാതി പ്പെടാൻ പറഞ്ഞെങ്കിലും അതിന് തയാറാവാതെ ചികിത്സ തേടി മടങ്ങുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് 16 നു ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. സബ് ഇൻസ്‌പെക്ടർ വിബിൻ ദാസ് അന്നു തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി വരികയാണ്. എറണാകുളം നോർത്ത് സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെങ്കിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്.
ജഡ്ജിക്കെതിരെ ലൈംഗിക പീഡന പരാതിയുയർന്നത് നിയമ വൃത്തങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ ഇത്തരമൊരു പരാതി ഉയരുന്നത്.