തൊടുപുഴ- തൊടുപുഴയിൽ നിന്നു തിരുവനന്തപുരത്തേക്കുളള 210 കി.മീ രണ്ടര മണിക്കൂർ കൊണ്ട് താണ്ടി അത്യാസന്ന നിലയിലുളള രോഗിയെ എത്തിച്ച് ആംബുലൻസ് ഡ്രൈവറുടെ ധീരത. യൂനിറ്റി ആംബുലൻസ് ഡ്രൈവർ മുഹമ്മദ് ഷാഫിയാണ് ഇടവെട്ടി സ്വദേശി പ്രിൻസിനെ(34) മിന്നൽ പോലെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ടിലെത്തിച്ചത്.
വൃക്കയും കരളും തകരാർ മൂലം വയറ്റിൽ വെളളം കെട്ടിനിന്ന് ശ്വാസം മുട്ടുന്ന അവസ്ഥയാണ് പ്രിൻസിന്റേത്.
ശ്രീചിത്രയിൽ രണ്ട് ശസ്ത്രക്രിയ ഇതിനോടകം കഴിഞ്ഞു. ഇനിയും രണ്ട് ഓപ്പറേഷൻ കൂടി വേണം. അടുത്ത ഓപ്പറേഷൻ ഒന്നാം തിയതി നിശ്ചയിച്ചിരിക്കെ പ്രിൻസിന്റെ നില വഷളായി. മുതലക്കോടം ആശുപത്രിയിൽ ഐ .സി. യുവിൽ പ്രവേശിപ്പിച്ച് വയറിലെ വെളളം നീക്കം ചെയ്‌തെങ്കിലും ബുധനാഴ്ച വൈകിട്ടോടെ അത്യാസന്ന നിലയിൽ ആയതിനാൽ എത്രയും പെട്ടെന്ന് ശ്രീ ചിത്രയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു.
ആംബുലൻസുമായി മുതലക്കോടം ആശുപത്രിയിലെത്തിയ മുഹമ്മദ് ഷാഫി തൊടുപുഴ എസ് .ഐ വിഷ്ണുകുമാറിനെ വിവരം അറിയിച്ചു. ഒപ്പം സാമൂഹ്യമാധ്യമങ്ങളിലും രോഗിയുമായി തിരുവനന്തപുരത്തേക്ക് കുതിക്കുന്ന വിവരം പോസ്റ്റ് ചെയ്തു. 5 മണിയോടെ മുതലക്കോടത്ത് നിന്നും ആംബുലൻസ് ശരവേഗത്തിൽ പാഞ്ഞു. തൊടുപുഴ പോലീസിന്റെ അഭ്യർഥനയെ തുടർന്ന് തിരുവനന്തപുരം വരെയുളള എല്ലാ സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശമെത്തി. വയർലസ് മുഖേന സന്ദേശം കൈമാറിയതോടെ ഏറ്റവും ഗതാഗത തിരക്കുളള വൈകുന്നേരം പോലീസ് റോഡിലിറങ്ങി ഈ ആംബുലൻസിനായി വഴി തെളിച്ചു. സിഗ്നൽ ഓഫാക്കി വഴി സുഗമമാക്കി.
എന്നാൽ 5.40ന് കോട്ടയത്ത് എത്തിയപ്പോഴേക്കും പ്രിൻസ് രക്തം ഛർദിച്ചു. പെട്ടെന്ന് തന്നെ മെഡിക്കൽ കോളജിൽ കയറ്റി അടിയന്തിര ചികിൽസ നൽകി. 6.30ന് അവിടെ നിന്നും തിരിച്ച് 8.20ന് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും രണ്ട് ആംബുലൻസുകൾ ആശുപത്രി വരെ ഈ വാഹനത്തിന് മുന്നിലും പിന്നിലുമായി സഞ്ചരിച്ചു. പ്രിൻസിന്റെ സ്ഥിതി ഇന്നലെ അൽപ്പം മെച്ചപ്പെട്ടു. നഷ്ടപ്പെട്ടിരുന്ന ഓർമ്മ ശക്തി തിരിച്ചുകിട്ടി. തൊടുപുഴ കെ. കെ .ആർ ജംഗ്ഷനിൽ ഫേസ് ലുക്ക് ജെന്റ്‌സ് ബ്യൂട്ടി പാർലർ നടത്തുന്ന മുഹമ്മദ് ഷാഫി (32) ഇടവെളകളിൽ സേവനത്തിന്റെ ഭാഗമായാണ് ആംബുലൻസിന്റെ സാരഥിയാകുന്നത്.