Sorry, you need to enable JavaScript to visit this website.

ഹീരാ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കും

കോഴിക്കോട്- പലിശരഹിത ബിസിനസിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ ഹീര എക്‌സിം ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാന്‍ തട്ടിപ്പിനിരയായവരുടെ യോഗം തീരുമാനിച്ചു. തട്ടിപ്പിനെതിരെ നിയമ നടപടികള്‍ ഊര്‍ജിതമാക്കും. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ടാണ് ഹീര സി.ഇ.ഒ നൂറാ ശൈഖിന് മുന്‍കൂര്‍ ജാമ്യം കിട്ടിയതെന്ന ആക്ഷേപമുണ്ട്.
കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലാണ് നിലവില്‍ ഹീരക്കെതിരെ കേരളത്തില്‍ പരാതിയുള്ളത്. ഇവിടെ കേസില്‍ 17 പേരെയാണ് കക്ഷി ചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ പേര്‍ പരാതി നല്‍കുവാന്‍ എത്തുന്നുണ്ടെങ്കിലും പോലീസ് തിരിച്ചയക്കുകയാണ്. അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം മറ്റുള്ളവര്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പോലീസ് നല്‍കുന്ന ഉപദേശം. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തില്‍ യാതൊരുവിധ പുരോഗതിയുമുണ്ടായിട്ടില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ 70 ലക്ഷം രൂപ നഷ്ടമായ നൗഷാദ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ തന്നെ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയില്‍ കേസെടുത്തതു കൊണ്ടാണ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ കമ്പനി സി.ഇ.ഒ ഹലീമ നൂറ ശൈഖിന് 80 ലക്ഷം രൂപ കെട്ടിവെക്കേണ്ടി വന്നത്. നിരവധി നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായെങ്കിലും പലരും ജാള്യത കാരണം സംഗമത്തിന് എത്തിയിരുന്നില്ല. വാര്‍ത്തകളില്‍ ഇടം പിടിക്കുമെന്ന ഭയത്താലാണ് പലരും നേരിട്ട് രംഗത്തെത്താന്‍ മടിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. 200 ഓളം നിക്ഷേപകരെ പരിപാടി അറിയിച്ചെങ്കിലും നൂറില്‍ താഴെ ആളുകളാണ് എത്തിച്ചേര്‍ന്നത്. കേസിന് പോയാല്‍ പണം തിരിച്ചു തരില്ലെന്ന നൂറാ ശൈഖിന്റെ ഭീഷണിയുമുണ്ട്. ഇവരുടെ പി.എ ആയ കൊച്ചിയിലെ മോളി തോമസാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ പകുതിയോളം പേര്‍ മാത്രമാണ് ഇന്നലെ എത്തിയത്. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോയിട്ടില്ലെങ്കില്‍ നഷ്ടപ്പെട്ടുപോയ പണം തിരിച്ചുകിട്ടില്ലെന്നും മുമ്പ് നടന്ന സഹാറാ തട്ടിപ്പിലെ ഇരകള്‍ക്ക് പണം തിരിച്ചുകിട്ടയത് എല്ലാവരും തിരിച്ചറിയണമെന്നും വിക്റ്റിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തിനെത്തിയവരെ അറിയിച്ചു. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടവരില്‍ നിന്ന് ഇരുനൂറു രൂപ വീതം വാങ്ങി ഹൈക്കോടതിയിലടക്കം കേസ് ശക്തമാക്കാനാണ് തീരുമാനം. തട്ടിപ്പിനിരയായതില്‍ കൂടുതല്‍ പേരും സാധാരണക്കാരാണ്. പ്രവാസികളും നാട്ടില്‍ ജോലി ചെയ്യുന്നവരും ലക്ഷങ്ങള്‍ നഷ്ടമായവരുടെ കൂട്ടത്തിലുണ്ട്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍,  കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ആളുകളാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും. രണ്ട് ലക്ഷം മുതല്‍ 80 ലക്ഷം വരെ ഹീര ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ ഇരകളിലുണ്ട്.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ ഇസ്മായില്‍, ടി.കെ മുസ്തഫ കണ്ണൂര്‍, ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

Latest News