തിരുവനന്തപുരം- കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 വരെ കിലോമീറ്റർ വേഗത്തിലും കാറ്റടിക്കുവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇതുമൂലം കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്നലെ ഉച്ചക്ക് രണ്ട് മണി മുതൽ 24 മണിക്കൂർ നേരത്തേക്കു ബാധകമായിരിക്കും.
കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായതോ (ഏഴു മുതൽ 11 സെ.മീ- 24 മണിക്കൂറിൽ) അതിശക്തമായതോ (12 മുതൽ 20 സെ.മീ) ആയ മഴക്കും 16,17 തീയതികളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.