Sorry, you need to enable JavaScript to visit this website.

സ്ത്രീ വിരുദ്ധ പരാമര്‍ശം; ക്ഷമ ചോദിച്ച് കെ. സുധാകരന്‍

കണ്ണൂര്‍- സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പരസ്യമായി ക്ഷമ ചോദിച്ച് കെ. സുധാകരന്‍. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് സുധാകരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. തന്റെ വാക്കുകള്‍ ആരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളായ സ്ത്രീകളെ പ്രവേശിപ്പിച്ച വിഷയത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞത്. രാത്രിയുടെ മറവില്‍ പോലീസുകാരെ ഉപയോഗിച്ച് രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതിനെയാണ് താന്‍ പരാമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അവരുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. താന്‍ പറഞ്ഞ  വാക്കിലെ ഉദ്ദേശ്യ ശുദ്ധിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. സ്ത്രീകളെക്കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഒരിക്കലും സംസാരിക്കുന്ന ആളല്ല താനെന്ന് എല്ലാവര്‍ക്കുമറിയാം -സുധാകരന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചോദ്യത്തിനുത്തരമായി സുധാകരന്‍ പ്രതികരിച്ചു.  കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കാനില്ല എന്ന തീരുമാനമെടുത്തത് നല്ല കാര്യമാണ്. മത്സരിക്കുന്നത് ശരിയുമല്ല. ഘടക കക്ഷികള്‍ക്കു കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. കൊടുക്കാതിരിക്കാനുള്ള അധികാരം യു.ഡി.എഫിനും ഉണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
        ഇരട്ടച്ചങ്കന്‍, മുച്ചങ്കന്‍ എന്നൊക്കെ സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളൊക്കെ വിചാരിച്ചു മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. എന്നാല്‍ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്നു മാത്രമല്ല, പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നാണ് മനസ്സിലാകുന്നതെന്നായിരുന്നു സുധാകരന്റെ കാസര്‍കോട്ടെ പ്രസംഗം.

 

Latest News