Sorry, you need to enable JavaScript to visit this website.

നവോത്ഥാന സമിതി വിപുലീകരിക്കുന്നു; മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പ്രവേശനം

തിരുവനന്തപുരം- നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാര്‍ച്ച് 15 നു മുമ്പ് ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു.
സമിതിയുടെ സംഘടനാ സംവിധാനം താലൂക്ക് തലം വരെ രൂപീകരിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 15 നു മുമ്പ് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. നവോത്ഥാന സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കും. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒമ്പതംഗ എക്‌സിക്യൂട്ടീവ് രൂപീകരിക്കാനും തീരുമാനിച്ചു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ സാമൂഹ്യ സംഘടനകളെ യോഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. വനിതാ മതിലിന്റെ സംഘാടനം വനിതകള്‍ തന്നെ ഏറ്റെടുത്ത് മികവുറ്റ രീതിയില്‍ നടത്തിയെന്നത് ശ്രദ്ധേയമാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ്-അദ്ദേഹം പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാലമായ ഐക്യവും സ്ഥിരം സംവിധാനവും വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാവരും ഒരേ മനസ്സോടെ ഒന്നിച്ചുനിന്നതുകൊണ്ടാണ് വനിതാ മതില്‍ അത്ഭുത വിജയമായത്. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പി.ആര്‍. ദേവദാസ്, സി.കെ. വിദ്യാസാഗര്‍, കെ. സോമപ്രസാദ് എം.പി, ബി. രാഘവന്‍, അഡ്വ. ശാന്തകുമാരി, പി. രാമഭദ്രന്‍, കെ.കെ. സുരേഷ്, രാമചന്ദ്രന്‍ മുല്ലശ്ശേരി, കാച്ചാണി അജിത്, സീതാദേവി, ഇ.എസ്. ഷീബ, ലൈല ചന്ദ്രന്‍, എല്‍. അജിത കുമാരി, കെ. പീതാംബരന്‍, ആര്‍. മുരളീധരന്‍, വൈ. ലോറന്‍സ്, കെ.ആര്‍ സുരേന്ദ്രന്‍, പി.കെ. സജീവ്, എ.കെ. ലാലു, അമ്പലത്തറ ചന്ദ്രബാബു, രാംദാസ്, നെടുമം ജയകുമാര്‍, സി.പി. സുഗതന്‍, ചെല്ലപ്പന്‍ രാജപുരം, എ.സി. ബിനു കുമാര്‍, ആര്‍. കലേഷ്, എഫ്. ജോയി, എ.കെ. സജീവ്, സി.കെ. രാഘവന്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പടം

നവോത്ഥന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ സമീപം

 

Latest News