റിയാദ്- ബ്രിട്ടീഷ് ഓണ്‍ലൈന്‍ പത്രമായ ഇന്‍ഡിപെന്റന്റിന്റെ അറബി പതിപ്പിന് തുടക്കം. മലയാളം ന്യൂസിന്റെ ഉടമകളായ സൗദി റിസേര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ആണ് ഇന്‍ഡിപെന്റന്റ് അറേബ്യ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അറബിക്കു പുറമെ തുര്‍ക്കി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലും ഇന്‍ഡിപെന്റന്റ് വെബ്‌സൈറ്റുകള്‍ ആരംഭിക്കുന്നതിന് സൗദി റിസേര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പിന് പദ്ധതിയുണ്ട്.
അദ്‌വാന്‍ അല്‍അഹ്മരി
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അദ്‌വാന്‍ അല്‍അഹ്മരിയെ ഇന്‍ഡിപെന്റന്റ് അറേബ്യ എഡിറ്റര്‍ ഇന്‍ ചീഫ് ആയി നിയമിച്ചു. അറബ് ലോകത്തെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും പരിചയസമ്പന്നരും ഇന്‍ഡിപെന്റന്റ് അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡിപെന്റന്റ് ഡിജിറ്റല്‍ പത്രം നാലു ഭാഷകളില്‍ പുറത്തിറക്കുന്നതിന് കരാര്‍ ഒപ്പു വെച്ചതായി കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ സൗദി റിസേര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് പരസ്യപ്പെടുത്തിയിരുന്നു. നാലു ഭാഷകളിലുമുള്ള ഡിജിറ്റല്‍ പത്രത്തിന് വെബ്‌സൈറ്റുകളും ആപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടുകളുമുണ്ടാകും. ഇന്‍ഡിപെന്റന്റ് അറേബ്യ പത്രം പുറത്തിറക്കുന്നതിലും ബ്രിട്ടനിലെ ഇന്‍ഡിപെന്റന്റ് ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുന്നതിലും ആഹ്ലാദമുണ്ടെന്ന് സൗദി റിസേര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ റുവൈതിഅ് പറഞ്ഞു. ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ മേഖലയിലെ മാധ്യമ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ആര്‍.എം.ജി ചെയര്‍മാന്‍ പറഞ്ഞു.