കോട്ടയം- ആറാം സെമസ്റ്റർ ബിരുദ ഫലങ്ങൾ റെക്കോർഡ് വേഗത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ശ്രദ്ധേയമായ നേട്ടവുമായി മഹാത്മാ ഗാന്ധി സർവകലാശാല. ഏപ്രിൽ 12 ന് അവസാനിച്ച ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിരുദ പരീക്ഷകളുടെ ഫലങ്ങളാണ് ചുരുങ്ങിയ സമയത്തിനുളളിൽ പ്രസിദ്ധപ്പെടുത്തിയത്. പരീക്ഷ നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും എംജി സർവകലാശാല ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്നും വിദ്യാർഥികളുടെ ബിരുദാനന്തര ബിരുദ പ്രവേശനം അവതാളത്തിലാവുന്നുവെന്നുമുള്ള കാലങ്ങളായുള്ള ആക്ഷേപത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ബിഎ, ബി.കോം പരീക്ഷകളുടെ ഫലമാണ് ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.
ഇന്ന് മാർക്ക് സഹിതം ഫലം വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാമെന്ന് വിസി പറഞ്ഞു. 2016 ൽ ജൂലൈ 13 ന് ഫലം പ്രസിദ്ധീകരിച്ച സ്ഥാനത്താണ് ഇത്തവണ പരീക്ഷ നടത്തി 50 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനത്തിലേക്ക് എംജി സർവകലാശാല കടന്നിരിക്കുന്നത്. വിവിധ കോളേജുകളിൽനിന്ന് സർവകലാശാലയിലെ കേന്ദ്രീകൃത ക്യാമ്പിലെത്തിച്ച 1.78 ലക്ഷം ഉത്തരക്കടലാസുകൾ ഫാൾസ് നമ്പറിട്ട് നൂറു വീതമുള്ള കെട്ടുകളാക്കി ഒമ്പത് മേഖലാ ക്യാമ്പുകൾ വഴി ഏപ്രിൽ 24 നാണ് അധ്യാപകർക്ക് വിതരണം ചെയ്തത്. 3000 അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി 13 ദിവസം മാത്രമെടുത്താണ് മൂല്യനിർണയം പൂർത്തിയാക്കിയത്. മാർക്ക് ഷീറ്റുകൾ വീണ്ടും സർവകലാശാലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ ഫാൾസ് നമ്പർ ഡീകോഡിങ് നടത്തിയ ശേഷം മാർക്കുകൾ രേഖപ്പെടുത്തി. തുടർന്ന് കംപ്യൂട്ടർ പ്രോസസിംഗിലൂടെ 23 ദിവസം കൊണ്ട് ടാബുലേഷൻ ജോലികൾ പൂർത്തിയാക്കുകയാണ് ചെയ്തത്.
ബിരുദ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഐഐടി പോലുള്ള എൻട്രൻസ് അധിഷ്ഠിത കോഴ്സുകളുള്ള 150 ഓളം സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാനാവും. എംജി സർവകലാശാലയിലെ ഒന്നാം വർഷ പിജി കോഴ്സുകളിലേക്കുള്ള ക്ലാസ് ജൂൺ 29 ന് ആരംഭിക്കും. മറ്റ് സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കായി അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകും. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് അവർക്ക് ഉറപ്പാക്കും. റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ പിജി പരീക്ഷകളുടെ ഫലം ജൂലൈ 31 ന് പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. ജൂൺ 15 ഓടു കൂടി വൈവയും പ്രാക്ടിക്കലും ജൂലൈയിൽ മൂല്യനിർണയവും പൂർത്തിയാക്കും. ആറാം സെമസ്റ്റർ ഫലം പുറത്തു വരുന്നതിന് മുമ്പ് ഏതെങ്കിലും സ്വയംഭരണ കോളേജുകൾ പിജി പ്രവേശനം നടത്തിയിട്ടുണ്ടെങ്കിൽ അത്തരം കോളേജുകൾക്കെതിരേ സർവകലാശാലാ തലത്തിൽ നടപടിയുണ്ടാവും. പി.ജി പരീക്ഷാ ഫലം അടുത്ത വർഷം മേയിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ അറിയിച്ചു.